1.70 കോടിയുടെ അനാസ്ഥ..! കാടുകയറി മിനി മാസ്റ്റ് ലൈറ്റ് പദ്ധതി സാമഗ്രികൾ

മൂന്നാർ ∙ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കോടികൾ വിലമതിക്കുന്ന മിനി മാസ്റ്റ് ലൈറ്റ് പദ്ധതി സാമഗ്രികൾ കാടുകയറി നശിക്കുന്നു. ദേവികുളം ബ്ലോക്ക് ഓഫിസിനു മുൻപിലാണ് 1.70 കോടി രൂപയുടെ സാമഗ്രികൾ മാസങ്ങളായി കാടുകയറി നശിച്ചു കിടക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായ ബ്ലോക്കിന് കീഴിലുള്ള വിവിധ ഡിവിഷനുകളിൽ സ്ഥാപിക്കുന്നതിനാണ് സോളർ മിനി മാസ്റ്റ് ലൈറ്റുകൾ വാങ്ങിയത്. ഭരണസമിതിയുടെ അംഗീകാരത്തോടെ കെൽട്രോൺ എന്ന പൊതുമേഖല സ്ഥാപനമാണ് ഏഴു മാസം മുൻപ് പദ്ധതിക്കായുള്ള സാമഗ്രികൾ എത്തിച്ചത്. എന്നാൽ സാമഗ്രികൾ സ്റ്റോക്ക് റജിസ്റ്ററിൽ രേഖപ്പെടുത്താനോ, കരാറുകൾ ബിൽ മാറി നൽകാനോ ബ്ലോക്കിലെ ഉദ്യോഗസ്ഥർ ഏഴു മാസമായിട്ടും തയാറായില്ല. ഇതുമൂലം കോടികൾ വിലമതിക്കുന്ന സാമഗ്രികൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ പറഞ്ഞു. ടെൻഡർ എടുത്ത് സാമഗ്രികൾ വിതരണം ചെയ്ത കെൽട്രോണിന് ബിൽ നൽകാൻ ഭരണസമിതി കഴിഞ്ഞ മാർച്ചിൽ ഭരണാനുമതി നൽകിയെങ്കിലും നാളിതുവരെ നടപടികളുണ്ടായില്ലെന്നും അംഗങ്ങൾ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരിക്കാൻ ബിഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തയാറായില്ല.









































































































































