വാർദ്ധക്യം അസ്തമയമല്ല, വിളവെടുപ്പാണെന്ന് മാർ ജോസ് പുളിക്കൽ

വാർദ്ധക്യം ജീവിതത്തിൻ്റെ അസ്തമയം അല്ലെന്നും വിളവെടുപ്പാണെന്നും നിങ്ങളുടെ കഷ്ടപ്പാടിൻ്റെ, ത്യാഗത്തിന്റെ, പ്രാർത്ഥനയുടെയും വിളവെടുപ്പാണ് ഈ നാളുകളിലെ നിങ്ങളുടെ കുടുംബത്തിന്റെയും, സമൂഹത്തിൻ്റെയും, തലമുറയുടെയും അടിസ്ഥാനമെന്നും, നിങ്ങൾ കൊണ്ട വെയിലിൻ്റെ ഫലമാണ് ഇന്നത്തെ സമൂഹമെന്നും രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നത് ഭാഗ്യമാണെന്നും രൂപതാദ്ധ്യക്ഷൻ ഓർമിപ്പിച്ചു. അനേകം കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലത്ത് 50 വർഷക്കാലം അനുഗ്രഹമായി ജീവിക്കുവാൻ പറ്റിയത് അത്യുന്നതൻ്റെ സംരക്ഷണം കൊണ്ടും കൂദാശകളുടെ തണലിൽ നിന്ന് ശക്തി സ്വീകരിച്ചതു കൊണ്ടുമാണെന്നും അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു.
രുപതയുടെ സുവർണ്ണ ജൂബിലി വർഷത്തോട് ചേർന്ന് കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പൊടിമറ്റം സെന്റ്.മേരിസ് പള്ളിയിൽ നടത്തിയ വിവാഹത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണൽ 2K26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. രാവിലെ 9.30 ന് രൂപതാ വികാരി ജനറൽ ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പരി.കുർബാന അർപ്പിച്ചു. തുടർന്ന് ദമ്പതികൾ തങ്ങളുടെ വിവാഹപ്രതിജ്ഞ നവീകരിക്കുകയും കേക്ക് മുറിച്ചു സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.മാത്യു ഓലിക്കൽ ഏവർക്കും സ്വാഗതം ആശംസിച്ചു. രൂപതാ മാതൃവേദി പ്രസിഡൻ്റ് ജിജി പുളിയംകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗം മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുകയും ജൂബിലേറിയൻസിന് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ജൂബിലേറിയൻസിൻ്റെ പ്രതിനിധി ജോസ് സെലിൻ കല്ലൂർ ദമ്പതികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ്റ് സലോമി മറ്റപ്പള്ളിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. മുണ്ടക്കയം, വെളിച്ചിയാനി ഫൊറോനകളുടെ നേതൃത്വത്തിലുള്ള ടീമുകളുടെ വ്യത്യസ്ത പരിപാടികൾ പ്രോഗ്രാമിന് ഉണർവ്വേകി.
പൊടിമറ്റം സെന്റ്റ് മേരീസ് വികാരി ഫാ.വർഗീസ് പുതുപറമ്പിൽ, അസി.ഡയറക്ടർ ഫാ.ഡോൺ മറ്റക്കരത്തുണ്ടിയിൽ രൂപതാ ആനിമേറ്റർ സി.റോസി SABS, ബ്രദർ ആൽബി പാലത, രൂപതാ ഫൊറോന ഇടവക എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. രൂപതയിലെ 13 ഫൊറോനാകളിൽ നിന്നുള്ള ജൂബിലേറിയൻസ് പ്രോഗ്രാമിൽ പങ്കെടുത്തു.









































































































































