ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

ഇടുക്കി: 21 ദിവസം പ്രായമുള്ള കുഞ്ഞിന് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി. ജൂണിൽ കാലാവധി കഴിഞ്ഞ മരുന്നാണ് ആശുപത്രിയിൽ നിന്ന് നൽകിയത്. എന്നാൽ ഇക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുഞ്ഞിന് മരുന്ന് നൽകിയില്ല. സംഭവത്തിൽ മാതാപിതാക്കൾ ഇടുക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.
കഴിഞ്ഞ 26നാണ് ഭൂമിയാംകുളം സ്വദേശിയായ സോബിൻ 21 ദിവസം പ്രായമുള്ള കുഞ്ഞിനെയുമായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. കുഞ്ഞിന് ജലദോഷവും കൂടാതെ ത്വക്കിൽ അലര്‍ജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഡോക്ടര്‍ അലര്‍ജിക്ക് പുരട്ടുന്നതിനുള്ള മരുന്നും മൂക്കിലൊഴിക്കാനുള്ള മരുന്നും നൽകി. അലര്‍ജിക്ക് പുരട്ടുന്നതിനുള്ള മരുന്ന് ഫാര്‍മസിയിൽ നിന്ന് വാങ്ങി കൊണ്ടുപോയി.
വീട്ടിലെത്തി ഓയിൻമെന്റ് പുരട്ടാൻ നോക്കിയപ്പോഴാണ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപെട്ടത്. 2024 ജൂണിൽ പുറത്തിറക്കിയ മരുന്നാണ്. 2 വര്‍ഷമാണ് ഇതിന്റെ കാലാവധി. 2026 ജൂണിൽ കാലാവധി കഴിഞ്ഞ മരുന്നാണ് സെപ്റ്റംബര്‍ 26ന് നൽകിയത്. ഇവര്‍ മരുന്ന് ഉപയോഗിച്ചില്ല. സൂപ്രണ്ടിന് മാതാപിതാക്കള്‍ പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിന് നിര്‍ദേശം നൽകിയതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.









































































































































