പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന നികുതി കുറച്ച് 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിൽപ്പന നികുതി/വാറ്റ് നിരക്കുകൾ കുറച്ചു. പെട്രോളിന് 8.70 രൂപവരെയും ഡീസലിന് 9.52 രൂപ വരെയും നികുതിയിളവ് വരുത്തിയിട്ടുണ്ട്.ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നികുതി ഇളവ് നൽകിയപ്പോൾ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകാൻ വിസമ്മതിച്ചു. നികുതി കുത്തനെ വർധിപ്പിച്ചത് കേന്ദ്രമായതിനാൽ, നികുതി വെട്ടിക്കുറയ്ക്കേണ്ടത് അവരുടെ ബാധ്യതയാണെന്നും തങ്ങളുടേതല്ലെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത വിവിധതരം സെസുകളിലെ കുത്തനെ വർദ്ധന ഉൾപ്പെടെ സമീപ വർഷങ്ങളിൽ കേന്ദ്രം സ്വീകരിച്ച വിവിധ നടപടികൾ കാരണം വരുമാനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദം.
കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സ്വന്തം നിലയ്ക്ക് വിൽപന നികുതി/ വാറ്റ് നിരക്കുകളിൽ ഏറ്റവും വലിയ കുറവ് വരുത്തിയത് ലഡാക്കാണ്. നികുതി കുറവായതിനാൽ ചെറിയ മാറ്റം വന്നത് ഉത്തരാഖണ്ഡിലാണ്. പെട്രോളിന്റെ കാര്യത്തിൽ ഉത്തരാഖണ്ഡിൽ 0.81 രൂപയുടെ കുറവ് വരുത്തിയപ്പോൾ ന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ 7.66 രൂപയുടെ വരെ കുറവാണ് വരുത്തിയത്.