കെഎസ്ആർടിസി പണിമുടക്ക് തുടരുന്നു; ഹാജരാകുന്ന ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി നൽകി സർവീസ്
ശബള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. എറണാകുളത്തും പാലക്കാടും കോട്ടയത്തും ഇത് വരെ ഒറ്റ സര്‍വീസ് പോലും നടത്തിയില്ല
ബാക്കി ജില്ലകളിലും നാമമാത്ര സര്‍വീസ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.
സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പ് നല്കി. അതേസമയം, പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി സി.എം.ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം.
വാരാന്ത്യ ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി ട്രിപ്പുകള്‍ ഓടിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കും.