പട്ടയം ലഭിക്കുന്നതിന് തടസ്സമായ കോടതിവിധികൾക്ക് അനുകൂല പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും

ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് തടസ്സമായി നിൽക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി വിധികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുകൂലമായ പരിഹാരം കണ്ടെത്തുന്നതിനായി നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടയ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും, നിലവിൽ തടസ്സങ്ങളില്ലാത്ത ഏകദേശം 5,000 പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവേ നടപടികൾ വേഗത്തിലാക്കുന്നതിനായി ആവശ്യമായ അധിക ജീവനക്കാരെയും വാഹനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കാനും അദ്ദേഹം നിർദേശം നൽകി.
ഇടുക്കി ജില്ലയിലെ വിവിധ പ്രശ്നങ്ങളിൽ ഏകദേശം 60 ശതമാനത്തോളം വിഷയങ്ങളിൽ ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്നും ശേഷിക്കുന്നവയിൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയങ്ങളാണ് കൂടുതലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവയും സമയബന്ധിതമായി തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഭൂമി കൈയേറ്റക്കാരെയും കുടിയേറ്റ കർഷകരെയും ഒരേ രീതിയിൽ കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി കൈയേറ്റം ഒരു തരത്തിലും അനുവദിക്കില്ല. അതേസമയം, കുടിയേറ്റ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയിൻ മൂന്ന് മേഖലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബിയുമായി ചർച്ച നടത്തും. കുണ്ടള സാൻഡോസ് മേഖലയിലെ 222 തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനായി കെ.ഡി.എച്ച്. ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉപയോഗശൂന്യമായി കിടക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുത്തു.









































































































































