മലവെള്ളപ്പാച്ചിൽ ദുരന്തമേറ്റുവാങ്ങിയ മലപ്പുറം ടികെ നഗറിൽ മുഖ്യമന്ത്രി എത്തിയത് ചാർട്ടേഡ് ഫ്ലൈറ്റിൽ, നഷ്ടപരിഹാരം ഉറപ്പ് നൽകി; സജിതയുടെ വീട് സന്ദർശിച്ചു

മലപ്പുറം: മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗറിൽ മുഖ്യമന്ത്രി വി ഡി സതീശനെത്തി. തിരച്ചിലിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സജിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സജിതയുടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൂടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും എത്തി. അപകടമുണ്ടായ കോട്ടപ്പുഴ പ്രദേശവും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും, അപകടമുണ്ടായ പ്രദേശത്തേക്ക് ആളുകൾ വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ആയിരിക്കും നഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാവുക. അതേസമയം അപകടത്തിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് എത്തിച്ചു. ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട സജിതക്കായുള്ള തിരച്ചിൽ ഇന്ന് വൈകീട്ടും തുടരുകയാണ്.
അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ ദുരന്തമായി
ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധിയാളുകൾ ഒഴുക്കിൽപ്പെട്ടിരുന്നു. നാട്ടുകാർ ചേർന്ന് ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തി. കാണാതായ ആറ് പേർക്കായി നടത്തിയ തിരച്ചിൽ ഇന്നലെ രാത്രിയിലും ഇന്നുമായി അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, എടരിക്കോട് സ്വദേശി മാങ്ങാടൻ അനസ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ സ്വദേശി സജ്ജാദ്, ചെട്ടിയാറമ്മൽ സ്വദേശി റഫീഖ് എന്നിവരാണ് മരിച്ചത്. സജിത വീടിന് സമീപത്ത് തന്നെയുള്ള ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയിരുന്നത്. എൻ ഡി ആർ എഫ്, ഫയർഫോഴ്സ് സംഘം ഊർജിതമായ തിരച്ചിൽ നടത്തുകയാണ്. കോട്ടുപുഴയിൽ കുളിക്കാനും, പ്രകൃതി ഭംഗി ആസ്വദിക്കാനുമാണ് ആളുകൾ എത്തുന്നത്. അപകട സാധ്യതയുള്ള ഇവിടെ ഇറങ്ങരുതെന്ന് ബോർഡ് ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കത്താൽ നശിച്ചു. പുതിയ ബോർഡോ മറ്റ് സുരക്ഷാ കരുതലുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ്
അതേസമയം മന്ത്രിമാരുടെയടക്കം യാത്രാവിവാദം കത്തുന്നതിനിടെയാണ് മഴക്കെടുതി ദുരന്തമുണ്ടായ മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര എന്നതും ചർച്ചയായിട്ടുണ്ട്. പൊലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാർ കാലാവധി തീർന്നതോടെയാണ് ബെംഗളൂരുവിൽ നിന്ന് ചാർട്ടേഡ് ഫ്ലേറ്റ് എത്തിയത്. ചെലവ് ആരുവഹിക്കുമെന്നതിൽ സർക്കാർ വിശദീകരണം നൽകിയിട്ടില്ല.









































































































































