San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുഷ്നെറുടെ സൗദി ബന്ധം, സമവാക്യങ്ങൾ തിരുത്താൻ ട്രംപ്, എതിർപ്പ് അറിയിച്ച് ഇസ്രയേൽ



എഫ് 35 യുദ്ധവിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് സമ്മതിച്ചത് അടുത്തിടെയാണ്. കോൺഗ്രസ് അംഗീകരിക്കും മുമ്പ് തന്നെ കാര്യം വിവാദമായി. ചൈനയും സൗദിയുമായുള്ള സഖ്യമാണ് കാരണം. 48 ജെറ്റുകളാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ എഫ് 35 വിമാനങ്ങളുളള മറ്റൊരു രാജ്യം ഇസ്രയേലാണ്. വിവാദമാകാൻ കാരണം അങ്ങനെ പലതാണ്.

സൗദി – ചൈന ബന്ധം

എഫ് 35 സൗദിക്ക് വിറ്റാൽ അമേരിക്കൻ സൈനിക സാങ്കേതിക വിദ്യയുടെ ക്രൗൺ ജുവൽ ചൈനയുടെ കൈയിലെത്തുമെന്നാണ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിയിലെ റിപബ്ലിക്കൻ അംഗത്തിന്‍റെ അഭിപ്രായം. സൗദി – ചൈന ബന്ധമാണ് ഈ ഭീതിക്ക് അടിസ്ഥാനം. ഇറാനും സൗദിയുമായി 2023 -ൽ ധാരണയൊപ്പിട്ടത് ചൈനയുടെ മധ്യസ്ഥതയിലാണ്. അതിപ്പോൾ തകർന്ന് തരിപ്പണമായെങ്കിലും. സുരക്ഷാ സഹകരണ ധാരണയുണ്ട്. സൗദിയും ചൈനയും തമ്മിൽ സമാധാനപരമായ ആണവ സഹകരണ കരാറിലുമൊപ്പിട്ടിട്ടുണ്ട്. ഒക്കെക്കൂടി നോക്കിയാൽ അപകടം. അതാണ് വിവാദത്തിന്‍റെ ഒരു കാരണം.

ട്രംപിന് കച്ചവടം


സൗദിക്ക് ആയുധം കൈമാറുന്നത് മുമ്പും കോൺഗ്രസ് എതിർത്തിട്ടുണ്ട്. 2018 -ൽ സൗദി ജേർണലിസ്റ്റായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷമായിരുന്നു അത്. ട്രംപിന് പക്ഷേ, സൗദിയോട് പ്രത്യേക താൽപര്യമാണ്. കാരണമായി പറയുന്നത് മരുമകൻ ജാരെഡ് കുഷ്നെറുടെ സൗദി ബന്ധമാണ്. കുഷ്നെറുടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിൽ സൗദി നിക്ഷേപിച്ചിരിക്കുന്നത് 2 ബില്യനാണ്. ആയുധക്കച്ചവടത്തിന് പിന്നിൽ കുടുംബ താൽപര്യമെന്നാണ് ആക്ഷേപം. 2025 -ൽ സൗദി കിരീടാവകാശിയുടെ വൈറ്റ് ഹൗസ് സന്ദർശന സമയത്ത് തന്നെ യുദ്ധവിമാനം വിൽക്കാൻ പോകുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചിരുന്നു. അന്നേ തുടങ്ങിയതാണ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ ആശങ്ക. യുഎഇയും മുമ്പ് എഫ് 35 വാങ്ങാൻ ഒരുങ്ങിയതാണ്. പക്ഷേ നടന്നില്ല. യുഎഇയുടെ ബീജിംഗ് ബന്ധവും ചൈനീസ് ടെലികോം ഭീമനായ വാവേയുടെ (Huawei) ഉപയോഗവും ബൈഡൻ സർക്കാരിലുണ്ടാക്കിയ ആശങ്കകളായിരുന്നു കാരണം.

എതിർപ്പുമായി ഇസ്രയേൽ

മേഖലയിൽ എഫ് 35 വിമാനങ്ങൾ ഉപയോഗിക്കുന്നത് ഇസ്രയേൽ മാത്രമാണ്. അമേരിക്കയും ഇസ്രയേലുമായുള്ള ധാരണയനുസരിച്ച് സൈനികശക്തിയിൽ മുന്നിൽ നിൽക്കാൻ അമേരിക്ക എപ്പോഴും ഇസ്രയേലിനെ സഹായിച്ചേ തീരൂ. ആ ധാരണ അട്ടിമറിക്കപ്പെടും ഈ കച്ചവടം നടപ്പിലായാൽ. അമേരിക്കയും സൗദിയുമായി കഴിഞ്ഞ വർഷം ഒപ്പിട്ടത് 142 ബില്യണിന്‍റെ ആയുധകരാറാണ്. ഇപ്പോഴിതും. അപ്പോഴും ഇസ്രയേലിനൊപ്പമെത്തില്ല സൗദി. പ്രത്യേകിച്ചും യുദ്ധ വിമാനങ്ങളുടെ കാര്യത്തിൽ. കാരണം, ഇസ്രയേൽ 50 എഫ് 35 കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ 100 എഫ് 35 -ന്‍റെ ഉടമയാകും ഇസ്രയേൽ.

വേണം എഫ് 15, പക്ഷേ…

ഹൂതികളിൽ നിന്ന് തുടർച്ചയായി ആക്രമണം നേരിടുകയാണ് സൗദി. സൗദിയുടെ എഫ് 15 യുദ്ധവിമാനം യെമനിൽ വെടിവച്ചിട്ടുവെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നു. അവർ പുറത്തുവിട്ട ചിത്രം അമേരിക്കൻ യുദ്ധവിമാനത്തിന്‍റെതാണെന്ന് സൈനിക വിദഗ്ധരും സ്ഥിരീകരിച്ചിരുന്നു. ലോക്ഹീഡ് മാർട്ടിന്‍റെ എഫ് 35 എ ഒരെണ്ണത്തിന്‍റെ വില 82.5 മില്യൺ ഡോളറാണ് (ഏതാണ്ട് 791 കോടി രൂപ). ലോകത്തെതന്നെ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന് കരുതപ്പെടുന്നു. സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ്. ശത്രുവിന്‍റെ നിരീക്ഷണ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. സൗദി വളരെ മുമ്പേതന്നെ ആവശ്യപ്പെട്ടിരുന്നു ഇത്. വ്യോമസേനയെ ആധുനിക വൽക്കരിക്കുന്നതിന്‍റെ ഭാഗമായി.

ഇസ്രയേലിന്‍റെ സന്തുലിതാവസ്ഥ

ട്രംപിന്‍റെ ആദ്യ ഭരണകാലത്താണ് ചർച്ച തുടങ്ങിയത്. പക്ഷേ, പിന്നീടെത്തിയ ബൈഡൻ സർക്കാരിന് അതിൽ താൽപര്യമുണ്ടായില്ല. പല കോൺഗ്രസ് അംഗങ്ങൾക്കും സൗദിയുമായി സൈനിക സഹകരണത്തിൽ താൽപര്യമില്ല. മുഹമ്മദ് ബിൻ സൽമാന്‍റെ കീഴിൽ സൗദി സ്വീകരിച്ചിരിക്കുന്നത് ആധുനികവൽകരണത്തിന്‍റെ പാതയാണ്. സാമ്പത്തിക, സൈനിക രംഗങ്ങളിൽ പ്രത്യേകിച്ചും. പല രാജ്യങ്ങളുമായി സഹകരണ ധാരണകളും സഖ്യങ്ങളും അതിന്‍റെ ബാക്കിയാണ്. ഇസ്രയേലുമായി വരെ സഹകരണത്തിന്‍റെ വക്കിലെത്തിയതുമാണ്. പക്ഷേ, ഹമാസ് ആക്രമണത്തോടെ അതവസാനിച്ചു. നിഴൽ ധാരണകൾ നേരത്തെയുണ്ട്. അത് ഔദ്യോഗികമാക്കാനായിരുന്നു ട്രംപിന്‍റെ ശ്രമം. അബ്രഹാം അക്കോർഡ്സ് വഴി. പക്ഷേ, നടന്നില്ല.

എഫ് 35 റിയാദിന് വിൽക്കുന്നതിനോട് താൽപര്യമില്ലെന്ന് ഇസ്രയേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മുമ്പ് തുർക്കി അതിനൊരുങ്ങിയപ്പോഴും ഇസ്രയേൽ എതിർത്തിരുന്നു. മേഖലയിലെ സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുമെന്നായിരുന്നു മുന്നറിയിപ്പ്. അതൊക്കെ തള്ളിക്കളയുകയാണ് അമേരിക്ക. മുമ്പ് എഫ് 35 നൽകുന്നതിന്‍റെ വ്യവസ്ഥ ഇസ്രയേൽ സൗഹൃദമായിരുന്നു. ഇപ്പോഴതിൽനിന്നും ട്രംപ് പിൻമാറി എന്നാണ് സൂചന.

സഹായം തേടി യെമൻ, കൈയൊഴിഞ്ഞ് സൗദി

യെമനിലെ സൗദി പിന്തുണയുള്ള സർക്കാർ സൈന്യത്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കയാണ് ഹൂതികൾ. ഹൂതികളെക്കുറിച്ചുള്ള ഇന്‍റലിജൻസ് വിവരം ഇസ്രയേൽ സൗദിക്ക് കൈമാറിയിട്ടുണ്ട്. പക്ഷേ, അതിനർത്ഥം ബന്ധം സൗഹൃദത്തിന് വഴിമാറിയെന്നല്ലെന്ന് സൗദി വക്താവ് വ്യക്തമാക്കുകയും ചെയ്തു. ഹൂതികളെ നേരിടാൻ സൗദി, അമേരിക്കയുടെ സഹായം തേടിയിരുന്നു. പക്ഷേ, ട്രംപ് ഇതുവരെ അതിന് തയ്യാറായിട്ടില്ല. ചെങ്കടൽ തീരങ്ങളിൽ ഹൂതികൾ പിടിമുറുക്കിയപ്പോൾ യെമനിലെ സൗദി പിന്തുണയ്ക്കുന്ന സർക്കാർ സൈനിക ജനറൽമാർ സൗദിയോട് സഹായം അഭ്യർത്ഥിച്ചു. പക്ഷേ, അതുണ്ടായില്ലെന്നാണ് പരാതി. എന്തായാലും ധാരണയിൽ കോൺഗ്രസ് തീരുമാനമെടുക്കേണ്ടത് 30 ദിവസത്തിനകമാണ്. സമ്മതത്തിന് സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ സൂചന.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!