കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല; കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യിലെ ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കെ.എസ്.ആര്.ടി. സമരം കാരണം കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പടെ ഇതില്‍പ്പെടും. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. കോണ്‍ഗ്രസ് അനുകൂല യൂണിയന് ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കെ.എസ്.ആര്.ടി.സിയില്‍ 9 വര്‍ഷമായി ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും.