നാട്ടുവാര്‍ത്തകള്‍
തലയ്ക്ക് മുകളിൽ ഭീമൻ പാറ; ജീവൻ കയിൽപിടിച്ച് ഇരുപത്തിയേഴ് കുടുംബങ്ങൾ
ഇടുക്കി ഏലപ്പാറ കിളിപാടിയിൽ ഇരുപത്തിയേഴ് കുടുംബങ്ങൾക്ക് ഭീഷണിയായി ഭീമൻ പാറക്കല്ലുകൾ. ജനവാസ മേഖലയ്ക്ക് മുകളിലായി ഏതു നിമിഷവും താഴേയ്ക്ക് പതിക്കാമെന്ന അവസ്ഥയിലാണ് പാറക്കൂട്ടം. ചുവടു ഭാഗത്തെ മണ്ണ് ഒലിച്ചുപോയതോടെ പാറകൾക്ക് സ്ഥാനചലനം സംഭവിച്ചതായും നാട്ടുകാർ പറയുന്നു.
1992 ൽ ഉണ്ടായ ദുരന്തം ഇവിടെയുള്ളവര്‍ ഭീതിയോടെയാണ് ഓർത്തെടുക്കുന്നത്. ഈ കാണുന്ന പാറക്കൂട്ടങ്ങളിൽ നിന്ന് വലിയ പാറക്കഷണം അടർന്ന് വീട് ഒരു വീട് തകർന്നു. സമാന ദുരന്തമുണ്ടായാൽ 27 വീടുകളാണ് തകരുക. കിളിപാടി സ്വദേശി നിബു ജോണിന്റെ കൃഷിയിടത്തിലാണ് കൂറ്റൻ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത്. കൃഷി ആവശ്യത്തിനായി കാടുവെട്ടി തെളിച്ചപ്പോഴാണ് അപകടാവസ്ഥ ദൃശ്യമായത്.
റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പാറ പൊട്ടിച്ചു നീക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.