മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം

മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്‌ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗക്കാരെന്ന് നാഗകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
നാഗ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു. ആക്രമണം നടത്തിയവരെക്കുറിച്ച് മണിപ്പൂര്‍ പൊലീസ് ഇതുവരെ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍, സിവില്‍ സംഘടനകളുടെ ശ്രമങ്ങള്‍ക്കിടെയാണ് പുതിയ ആക്രമണം. മണിപ്പൂര്‍ വിഭജിച്ച് പ്രത്യേക ഭരണസംവിധാനം വേണമെന്ന ചില കുക്കി സംഘടനകളുടെ ആവശ്യവും ഇതിന് പിന്തുണ നല്‍കുന്ന സായുധ സംഘടനകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരാന്‍ കാരണമായിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യുമ്‌നാം ഖേംചന്ദ് സിങ്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ചേര്‍ന്നു. കരാറിന്റെ ഭാഗമായോ സര്‍ക്കാരുമായി സമാധാന ചര്‍ച്ചകളിലോ ഉള്ള സംഘടനകളുടെ കേഡര്‍മാര്‍ നിശ്ചയിച്ച ക്യാമ്പുകള്‍ക്ക് പുറത്തേക്ക് ആയുധങ്ങളുമായി സഞ്ചരിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കാങ്പോക്പി ആക്രമണത്തില്‍ നാല് നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തെ സര്‍ക്കാര്‍ ശക്തമായി അപലപിച്ചു. ആക്രമികളെ കണ്ടെത്തി ആയുധങ്ങള്‍ നിര്‍വീര്യമാക്കാന്‍ സുരക്ഷാ സേനയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രി ഓഗസ്റ്റ് 12ന് പ്രഖ്യാപിച്ച 15 ദിവസത്തെ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്.









































































































































