ഇനി ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലുറപ്പു തൊഴിലാളികൾക്ക് ‘ പെൻഷൻ.
തൊഴിലുറപ്പു തൊഴിലാളികൾക്ക് ഇനി ആശ്വസിക്കാം, കാരണം ജീവിത സായാഹ്നത്തിൽ പെൻഷൻ ലഭിക്കും.
പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കേരള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബിൽ ഈയിടെയാണ് നിയമസഭ പാസാക്കിയത്. തൊഴിലുറപ്പു നിയമ പ്രകാരം റജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് ലഭിച്ചിട്ടുള്ള 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് ക്ഷേമനിധിയിൽ അംഗത്വം നേടാം. 60 വയസുവരെ അംശാദായം അടച്ചിട്ടുള്ളവർക്ക് പെൻഷൻ ലഭിക്കും. അംഗങ്ങൾ മരിച്ചാൽ ആശ്രിതർക്കു സഹായം ലഭ്യമാകും. നഗരസഭകളിലെ അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്കും ക്ഷേമനിധിയിൽ അംഗമായി പെൻഷൻ ഉറപ്പാക്കാം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അംഗമാകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. നഗരസഭകളിൽ അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിൽ അംഗമാകാൻ നഗരസഭാ സെക്രട്ടറിക്കും അപേക്ഷ നൽകണം. അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ തൊഴിൽ കാർഡ് ലഭിക്കും. ഒരു കുടുംബത്തിന് ചുരുങ്ങിയത് 100 ദിവസത്തെ തൊഴിൽ പദ്ധതിയിൽ ഉറപ്പാക്കുന്നുണ്ട്.