അധ്യാപികയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍
നെടുങ്കണ്ടം: സ്‌കൂള്‍ അധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചതായുള്ള സംഭവത്തില്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍. വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്ത വകുപ്പ് തല നടപടിയുടെ ആദ്യഘട്ടമായി അധ്യാപകനായ കൊല്ലം സ്വദേശി കെ.കെ.ഷാജി(45) യെ നെടുങ്കണ്ടത്തു നിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റി.കഴിഞ്ഞ മാര്‍ച്ചില്‍ നെടുങ്കണ്ടത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ കൊല്ലം സ്വദേശി കെ.കെ.ഷാജിക്കെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്.
കുറേ നാളുകളായി ഇയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായും ലാബില്‍വച്ച് അധ്യാപികയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും കാട്ടി നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറേ നാളുകളായി ഇത്തരം പെരുമാറ്റം അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ മേലധികാരികളോട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എങ്കിലും നടപടി ഉണ്ടായില്ല എന്നതിനാലാണ് അന്ന് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയും വകുപ്പ് തലത്തില്‍ പ്രിന്‍സിപ്പലിനും മേലധികാരികള്‍ക്കും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ സ്ഥലംമാറ്റ നടപടി ഉണ്ടായിരിക്കുന്നത്. വയനാട് ജില്ലയില്‍ മാനന്തവാടിയിലേക്കാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.