ഏലയ്ക്ക വില കുറഞ്ഞു, വിലയിൽ ചാഞ്ചാട്ടമില്ലാതെ നാളികേരോൽപ്പന്നങ്ങൾ

ചിങ്ങം അടുത്തതോടെ കാർഷിക കേരളം ഉൽപ്പന്ന വിലകളിൽ ഉണർവ് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഉത്സവ സീസണിൽ ആകർഷകമായ വിലയ്‌ക്ക് കരുതൽ ശേഖരത്തിലെ ചരക്ക് വിറ്റുമാറാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. ഇതിനിടയിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ അന്തർസംസ്ഥാന വാങ്ങലുകാരെ രംഗത്ത് നിന്നും പിൻതിരിപ്പിക്കുന്നു. ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ സുരക്ഷിതമായി അയൽ സംസ്ഥാനങ്ങളിലേയ്‌ക്ക് നീക്കാനുളള ബുദ്ധിമുട്ടുകൾ പുതിയ ഓർഡറുകളുടെ വരവിന് തടസമായി. കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്‌ജനങ്ങൾ വൻതോതിൽ ആവശ്യമെങ്കിലും അന്തരീക്ഷ താപനില താഴ്‌ന്നത് പലരെയും വാങ്ങൽ തോത് കുറക്കാൻ പ്രേരിപ്പിച്ചു. ഉൽപ്പന്നങ്ങളിൽ ജലാംശതോത് ഉയർന്നാൽ പൂപ്പൽ ബാധയ്‌ക്കുള്ള സാധ്യത ഗുണനിലവാരത്തെ ബാധിക്കും. അൺ ഗാർബിൾഡ് കുരുമുളക് കിലോ 695 രൂപയിൽ വ്യാപാരം നടന്നു.
ഏലയ്ക്ക ലേലത്തിൽ വരവ് കുറഞ്ഞതിനൊപ്പം ശരാശരി ഇനങ്ങളുടെ വിലയിലും കുറവ് സംഭവിച്ചു. ഏതാനും ദിവസങ്ങളായി മൂവായിരം രൂപയ്‌ക്ക് മുകളിൽ ഇടപാടുകൾ നടന്നിരുന്ന ശരാശരി ഇനം ഏലയ്ക്ക വില ഇന്ന് 2943 ലേയ്‌ക്ക് താഴ്‌ന്നു. കഴിഞ്ഞവാരം നിരക്ക് 3232 രൂപയിലേയ്‌ക്ക് മുന്നേറിയിരുന്നു. മികച്ചയിനങ്ങൾ 3704 രൂപയിൽ ലേലം കൊണ്ടു. ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം വ്യവസായികളും ലേലത്തിൽ പങ്ക് ചേർന്നു, വിദേശ ഓർഡറുകൾ മുൻ നിർത്തി കയറ്റുമതിക്കരും ചരക്കാനായി രംഗത്തുണ്ട്. മൊത്തം 17,969 കിലോ ഏലയ്ക്കയുടെ കൈമാറ്റമാണ് നടന്നത്.
നാളികേരോൽപ്പന്നങ്ങൾ സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി. നേരത്തെ തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ വെളിച്ചെണ്ണ വില അമിതമായി ഉയർത്തിയതിനാൽ പ്രദേശിക വ്യാപാരികൾ എണ്ണ സംഭരണത്തിന് ഉത്സാഹം കാണിക്കുന്നില്ല. വെളിച്ചെണ്ണ വില കൃത്രിമമായി ഉയർത്തി മില്ലുകാർ സ്‌റ്റോക്ക് വിറ്റഴിക്കാൻ നടത്തിയ നീക്കമാണ് ഡിമാന്റ് മങ്ങാൻ ഇടയാക്കിയത്. അതേ സമയം നാടൻ വെളിച്ചെണ്ണയ്‌ക്ക് ചെറുകിട വിപണികളിൽ ആവശ്യക്കാരുണ്ട്.









































































































































