ജന്തർ മന്തറിലെ പ്രതിഷേധം: 989 ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ്

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ്. ഈമാസം 20 മുതൽ 25 വരെ സെൻട്രൽ ഡൽഹിയിലെ അക്രമങ്ങളിലെ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുന്നു. ഡൽഹി പൊലീസ് തിരിച്ചറിഞ്ഞ 2,873 ക്രിമിനലുകളിൽ 989 പേരുടെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. കൊലക്കേസ് പ്രതികളും കൊലപാതകശ്രമം ചുമത്തപ്പെട്ടവരും പോക്സോ കേസ് പ്രതികളും വരെ പ്രതിഷേധിക്കാനെത്തിയെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.
ഡൽഹി പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വഴിയാണ് ഇവരെ കണ്ടെത്തിയത്. ഈ സംവിധാനം സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപണം ഉയർന്നിരുന്നു. 101 പേർ കൊലപാതക കേസുകളിലും, 62 പേർ കൊലപാതകശ്രമ കേസുകളിലും, 284 പേർ മോഷണം, കവർച്ച കേസുകളിലും, 229 പേർ ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേർ പിടിച്ചുപറി കേസുകളിലും, 19 പേർ തട്ടിക്കൊണ്ടുപോകൽ കേസുകളിലും, 67 പേർ മറ്റ് കേസുകളിലും ഉൾപ്പെട്ടതായാണ് ഡൽഹി പൊലീസ് പറയുന്നത്.
അതിനിടെ പ്രതിഷേധിച്ചവർക്ക് എതിരായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരായ കേസുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്നും മുന്നറിയിപ്പ്. അമിത്ഷായുടെ മറുപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.







































































































































