എച്ച് ഐ വി ബോധവത്കരണം: മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസ്, നാഷണല്‍ സര്‍വീസ് സ്കീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എച്ച് ഐ വി എയ്ഡ്സ് ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി റെഡ് റണ്‍ മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ബസ് സ്റ്റോപ്പില്‍ നിന്നും ആരംഭിച്ച് മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ അവസാനിക്കുന്ന വിധത്തില്‍ 5 കിലോമീറ്റര്‍ ദൂരത്തില്‍ ക്രമീകരിച്ച മാരത്തണ്‍ മത്സരം ഇടുക്കി എ എസ് പി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. അജീഷ് കൃഷ്ണന്, എ ആര് റ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമോന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ദീപ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ നിഷാദ് , ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു റ്റി.കെ, ഡെപ്യൂട്ടി ജില്ല എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഷൈലാഭായി വി. ആര്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു.റ്റി ബി എച്ച് ഐ വി കോ ഓഡിനേറ്റര്‍ ബിന്ദു ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആരോഗ്യ കേരളം ജീവനക്കാര്‍, ടിബി ഓഫീസ് ജീവനക്കാര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാര്‍, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
17 മുതല്‍ 24 വയസ് വരെ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും 80 ല്‍ അധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. പുരുഷ വനിത വിഭാഗങ്ങള്‍ക്കായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.പുരുഷ വിഭാഗത്തില്‍ കോതമംഗലം എം എ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആരോമല്‍ ഒന്നാം സ്ഥാനവും, മുരിക്കാശ്ശേരി പാവനാത്മ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നവനീത് രണ്ടാം സ്ഥാനവും,ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി അര്ജുന് പ്രമോദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആന്‍ മരിയ ജോണ്‍ ഒന്നാം സ്ഥാനവും, കട്ടപ്പന ഗവണ്മെന്റ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബ്ലെസ്സി ബെന്നി രണ്ടാം സ്ഥാനവും, കട്ടപ്പന ഗവണ്മെന്റ് കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നിമിഷ പ്രസന്നന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പുരുഷ/ വനിത വിഭാഗത്തിലെ വിജയികള്‍ക്ക് 5000, 4000 ,3000 രൂപ എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ,ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും പരിപാടിയുടെ ഭാഗമായി നല്കി.ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നവാസ് റ്റി. ഒ,ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ.അജീഷ് കൃഷ്ണന്, എ ആര് ടി മെഡിക്കല്‍ ഓഫീസര്‍ ഡോ .ഷാമോന് എന്നിവരുടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും വിതരണം ചെയ്തു.മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുരുഷ, വനിതാ വിഭാഗം വിജയികള്‍ക്ക് .സംസ്ഥാനതലത്തില്‍ മത്സരിക്കുന്നതിനുള്ള അവസരവും ലഭിക്കും.







































































































































