San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇഎസ്എ കരട് വിജ്ഞാപനം; എംപിമാർ വീഴ്‌ച വരുത്തി -സിപിഐ എം






കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പരിധിയിൽ നിന്നും കൃഷി-തോട്ടം – ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് സർക്കാർ നൽകിയ ശുപാർശകളിൻമേൽ കേന്ദ്രത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിന് കേരളത്തിൽ നിന്നുള്ള എംപിമാർ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 19 എംപി മാർ ആണ് യുഡിഎഫിന് കേരളത്തിൽ നിന്നുള്ളത്. അതിൽ തന്നെ പരിസ്ഥിതി ലോല പ്രഖ്യാപനം ഏറ്റവും കൂടുതൽ ജനജീവിതത്തെ ബാധിക്കുന്ന ഇടുക്കിയിൽ നിന്നുള്ള പാർലമെന്റംഗം 7 വർഷമായി യാതൊരു ഉത്തരവാദിത്വവും ഡെൽഹിയിൽ നിർവ്വഹിക്കാത്തതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ സംഭവിച്ചത്. അന്തിമ വിജ്ഞാപനത്തിൽ കേരളം സമർപ്പിച്ച നിർദ്ദേശങ്ങൾ ഒഴിവാക്കി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങൾക്ക് അനുകൂലമായി കരട് വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്.
യുപിഎ സർക്കാർ അധികാരത്തിലിരിക്കെ അന്നത്തെ വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് ആണ് പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കുന്നതിനായി 2010 ൽ മാധവ് ഗാഡ്‌ഗിൽ അധ്യക്ഷനായ സമിതിയെ നിയോഗിക്കുന്നത്. പശ്ചിമഘട്ടം ഉൾപ്പെടുന്ന മുഴുവൻ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തിൽ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങളും ഹൈറേഞ്ച് സംരക്ഷണ സമിതിയും ചേർന്ന് വലിയ പ്രക്ഷോഭങ്ങൾ ഉയർത്തിയതിനെ തുടർന്ന് ഇത് പഠിക്കുന്നതിനായി കസ്‌തൂരി രംഗൻ അധ്യക്ഷനായ ഹൈ ലെവൽ വർക്കിംഗ് കമ്മറ്റിയെ യുപിഎ സർക്കാർ നിയമിച്ചു. കസ്തൂ‌രി രംഗൻ കമ്മീഷൻ ശുപാർശയിൽ കേരളത്തിലെ 131 വില്ലേജുകൾ ഇഎസ്എ ആയി ഉൾപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് കേരളത്തിൽ 13108 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാണ് മൻമോഹൻ സിംഗ് സർക്കാർ 2013 നവംബർ 13 ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ കേരളത്തിലാകെ ജനങ്ങൾ
തെരുവിലിറങ്ങുകയും പ്രത്യേകിച്ച് ഇടുക്കിയിൽ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നു വരുകയും ചെയ്‌ത സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ അന്നത്തെ യുഡിഎഫ് സർക്കാർ ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായിട്ടുള്ള സമിതിയെ വെച്ചു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം 131 വില്ലേജുകളിലായി 9107 ചതുരശ്ര കിലോമീറ്റർ വനവും 886.7 ചതുരശ്ര കിലോമീറ്റർ വനഭൂമിക്ക് പുറത്ത് ജനവാസ മേഖലയ്ക്കിടയിലുള്ള തോട്, പാറ, തരിശ് ഭൂമിയും ഉൾപ്പടെ 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ആയി കണ്ടെത്തി.
അഡ്വ. ജോയ്സ് ജോർജ്ജ് എംപിയായിരിക്കെ പാർലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടത്തിലൂടെ കസ്‌തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നത് മരവിപ്പിച്ചിരുന്നു. ജോയ്‌സ് ജോർജ്ജ് മുൻകയ്യെടുത്ത് പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ എംപി മാരുടെ യോഗം നിരവധി തവണ ചേരുകയും അന്നത്തെ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്ത‌ിരുന്നു. ചർച്ചകൾക്കൊടുവിൽ സംസ്ഥാന സർക്കാരിനോട് പുതിയ റിപ്പോർട്ട് നൽകാൻ കേന്ദ്രം നിർദ്ദേശിച്ചു. എന്നാൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ 7 വർഷമായി ഇത്തരത്തിൽ ഒരു യോഗം ചേർന്നിട്ടില്ല എന്ന് വിജ്ഞാപനത്തിൽ തന്നെ പറയുന്നു. യോഗം ചേരുന്നതിന് എംപി മുൻകയ്യെടുക്കാതിരുന്നത് ഇടുക്കി ജനതയോട് ചെയ്‌ത ഏറ്റവും വലിയ ചതിയാണ്.
ഒന്നാം പിണറായി സർക്കാർ ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തി കെഡസ്ട്രൽ മാപ്പ് സഹിതം 2018 ആഗസ്റ്റ് 10 ന് കേരളത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു. കസ്‌തൂരി രംഗൻ കണ്ടെത്തിയ 13108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പ്രദേശം 8656.46 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചുള്ള റിപ്പോർട്ടാണ് പിണറായി സർക്കാർ കേന്ദ്രത്തിന് നൽകിയത്. ഇഎസ്എ വനത്തിൽ മാത്രം നിജപ്പെടുത്തി തോടും പുഴയും ചതുപ്പും പുൽമേടുകളും പൂർണമായും ഒഴിവാക്കി. കൃഷി – ജനവാസ – തോട്ടം മേഖലകൾ ഉൾപ്പടെ 4548.12 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയത്. ഇതോടെ 131 വില്ലേജുകളെ ബാധിച്ചിരുന്ന പരിസ്ഥിതി ലോല മേഖല 92 വില്ലേജുകളിലേക്ക് ചുരുങ്ങി. സംസ്ഥാനത്തെ 39 വില്ലേജുകളെ പൂർണമായും റിപ്പോർട്ടിൽ നിന്നും ഒഴിവാക്കുന്നതിനും സാധിച്ചു.
ഇടുക്കി ജില്ലയിൽ 47 വില്ലേജുകളിലായി 2651.12 ചതുരശ്ര കിലോമീറ്ററായിരുന്നു കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എൽഡിഎഫ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ ഇത് 28 വില്ലേജുകളായും 1939.17 ചതുരശ്ര കിലോമീറ്ററായും കുറഞ്ഞു. 711.93 ചതുരശ്ര കിലോമീറ്ററാണ് റിപ്പോർട്ട് പ്രകാരം ജില്ലയിലെ ഇഎസ്എ വിസ്ത‌ീർണ്ണത്തിൽ നിന്നും ഒഴിവാക്കിയത്. 2013 നവംബർ 13 ലെ കരട് വിജ്ഞാപനത്തിൽ ഉണ്ടായിരുന്ന ജില്ലയിലെ അണക്കര, ആനവിലാസം, അയ്യപ്പൻകോവിൽ, ചക്കുപള്ളം, ചതുരംഗപ്പാറ, ഇരട്ടയാർ, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, കൊക്കയാർ, കൊന്നത്തടി, കുഞ്ചിത്തണ്ണി, കട്ടപ്പന, പാമ്പാടുംപാറ, പാറത്തോട്, രാജാക്കാട്, രാജകുമാരി, തങ്കമണി, ഉടുമ്പൻചോല, ഉപ്പുതോട്, വണ്ടൻമേട്, വാത്തിക്കുടി എന്നീ വനാതിർത്തി പങ്കിടാത്ത 23 വില്ലേജുകളെ സമ്പൂർണമായി ഒഴിവാക്കിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഈ വില്ലേജുകൾ വീണ്ടും ഉൾപ്പെട്ടു. 2016 മുതൽ 2026 വരെ 10 വർഷക്കാലം റിപ്പോർട്ടിന്റെ ദോഷവശങ്ങൾ കേരളത്തെ ബാധിക്കാതിരിക്കാൻ എൽഡിഎഫ് സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുകയും വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിരന്തരം ഇടപെടുകയും ചെയ്‌തിരുന്നു.
ഹരിത എംഎൽഎ മാരുടെ നേതാവും പരിസ്ഥിതിവാദിയുമായ വി.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ അവസരം കാത്തിരുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എൽഡിഎഫ് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് വിജ്ഞാപനത്തിന് തയ്യാറാകാതെ ഇളവുകൾ നൽകുന്നതിൽ നിന്നും കേരളത്തെ ഒഴിവാക്കുന്ന ആസൂത്രിത നീക്കമാണ് നടത്തുന്നത്. കോൺഗ്രസ്സ് തന്നെ കൊണ്ടുവന്ന ബില്ലായതിനാൽ ഇതിനെ തുറന്നെതിർക്കാൻ കേരളത്തിൽ നിന്നുള്ള 19 പാർലമെന്റ് മെമ്പർമാർക്കും ധാർമ്മികമായി കഴിയില്ല എന്നതാണ് വസ്‌തുത. സമ്പൂർണ പരാജയമായി മാറിയ ഇടുക്കിയുടെ എംപി അക്ഷരാർത്ഥത്തിൽ മലയോര ജനതയെ വഞ്ചിക്കുകയാണ് ഉണ്ടായിട്ടുള്ളത്. എംപിയും കോൺഗ്രസ്സും നടത്തുന്ന ഇത്തരം ചതികൾക്കെതിരെ കക്ഷി- രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അണിനിരത്തി വൻ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നൽകും.
പശ്ചിമഘട്ട മേഖലയിൽ അധിവസിക്കുന്ന ലക്ഷക്കണക്കായ മനുഷ്യരെ ചേർത്തുപിടിക്കുന്നതിനും സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിനും കക്ഷി- രാഷ്ട്രീയ ഭേദമെന്യേ ജാഗ്രതയോടെയുള്ള സമീപനമാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടതെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്, നേതാക്കളായ കെ എൻ വിനീഷ് കുമാർ, ലിജോബി ബേബി എന്നിവരും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!