ഓണത്തിന്റെ വരവറിയിച്ച് പിള്ളേരോണം; കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ വിപുലമായ ആഘോഷം

ഓണത്തിന്റെ വരവറിയിക്കുന്ന പിള്ളേരോണം വിപുലമായ പരിപാടികളോടെ കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ നടത്തി . കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഘോഷം.
ഓണത്തിന് ഒരു മാസം മുമ്പ് കർക്കടകത്തിലെ തിരുവോണദിവസമാണ് പിള്ളേരോണം ആഘോഷിക്കുന്നത് . പഴയകാലത്ത് ഈ ദിനം മുതൽ പൂക്കളമൊരുക്കിയും ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമായിരുന്നു . മഹാവിഷ്ണു ബാലരൂപത്തിൽ മഹാബലിയെ സമീപിച്ചുവെന്ന വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലായാണ് കർക്കടക മാസത്തിലെ തിരുവോണത്തെ പിള്ളേരോണം എന്ന് വിളിക്കുന്നത്. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞൊരു വർഷത്തിനായുള്ള പ്രാർഥനകളോടെയാണ് ഈ ദിനം കേരളീയർ ആചരിച്ചിരുന്നത് ഈ പാരമ്പര്യം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് പിള്ളേരോണം നടത്തുന്നതെന്ന് പ്രഥമാധ്യാപിക ലിൻസി ജോർജ് അഭിപ്രായപ്പെട്ടു.
പൂക്കളമൊരുക്കൽ, ഓണപ്പാട്ടുകൾ, ഓണക്കളികൾ , ഓണസന്ദേശം പങ്കുവെക്കൽ എന്നിവയും നടത്തി തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ വിളമ്പി.പായസ വിതരണവും നടത്തി . ഓണത്തിന്റെ സന്ദേശമായ സ്നേഹവും പങ്കിടലും സമത്വവും കൂട്ടായ്മയും കുട്ടികളുടെ ജീവിതത്തിൽ വളർത്തിയെടുക്കാൻ പിള്ളേരോണം സഹായകമായതായി സംഘാടകർ അറിയിച്ചു.
പരിപാടികൾക്ക് സ്കൂൾ പ്രഥമാധ്യാപിക ലിൻസി ജോർജ് പി.ടി.എ. പ്രസിഡന്റ് ജിൽബിൻ ജോർജ് , അധ്യാപകരായ വിഷ്ണു ഗോപാലൻ, അമലു മാത്യു, ജിയോ സെബാസ്റ്റ്യൻ, ലിബിയ ജയിംസ്, അനുഷ ഷാജി വിദ്യാർത്ഥികളായ ഏയ്ൻമിയ ജിൽബിൻ, മിഥുൽ മനിൽ എന്നിവർ നേതൃത്വം നൽകി







































































































































