ഓറഞ്ച് അലെര്‍ട്ട്: മൂന്നാറില്‍ ഗതാഗത നിയന്ത്രണം

കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാര്‍ സി എസ് ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 29, 31, 01 തീയതികളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് നേരത്തേ ഈ മേഖലയില്‍ റോഡില്‍ വിള്ളല്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വര്‍ക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ നിര്‍ദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വര്‍ക്സ് ഡാമിന് സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്നും കളക്ടര്‍ അറിയിച്ചു.







































































































































