സൈബര്‍ തട്ടിപ്പുകളുടെ കാലത്തും മലയാളികളെ ഊതി വീഴ്ത്തി മന്ത്രവാദി : വനിതാ ഡോക്ടറുടെ 42 പവൻ ശൂ
കോഴിക്കോട്: സൈബര്‍ തട്ടിപ്പുകളുടെ കാലത്തും മലയാളികളെ ഊതി വീഴ്ത്താന്‍ മന്ത്രിവാദികള്‍ സജ്ജം. കുടുംബ പ്രശ്നങ്ങള്‍ നീക്കി ഐശ്വര്യ ലബ്ദിക്കും മറ്റുമായി മന്ത്രം ജപിച്ച് ഊതാന്‍ തയാറായി നിരവധി മന്ത്രവാദികള്‍ ഇപ്പോഴും സജീവമായുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. മലപ്പുറത്തും കോഴിക്കോടും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇവരുടെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമൂഹത്തിലെ താഴെ തട്ടുമുതല്‍ ഉന്നത ശ്രേണിയിലുള്ളവരെ വരെ വീഴ്ത്താന്‍ ഇവര്‍ ശ്രമിക്കുന്നതായും പോലീസ് മുന്നറിയിപ്പ് നല്കി.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഫറോക്ക് സ്റ്റേഷനില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇതു സംബന്ധിച്ചുള്ള പരാതി ലഭിച്ചത്. മാനഹാനി ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നു പറഞ്ഞാണ് ഡോക്ടറായ യുവതി പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ഐശ്വര്യം ആവോളമുണ്ടാകുമെന്നു വാഗ്ദാനം നല്കി മുങ്ങിയ മന്ത്രവാദിയെക്കുറിച്ചു പോലീസ് അന്വേഷിച്ചുവരികയാണ്.
ഊതി വീഴ്ത്തി
ചികിത്സാരംഗത്ത് അറിയപ്പെടുന്ന ഫറോക്കിലെ ഡോക്ടര്‍ കഴിഞ്ഞ മാസമാണ് മന്ത്രിവാദിയുടെ കെണിയില്‍പ്പെടുന്നത്. ഡോക്ടറുടെ അടുത്തു പതിവായി യുവാവ് ചികിത്സക്കെത്തറുണ്ട്. ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച യുവാവ് കുടുംബത്തെ കുറിച്ചും മറ്റു വിവരങ്ങളും ചോദിക്കുക പതിവായിരുന്നു.
കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിപ്പിക്കാനും സമാധാനത്തിനും സൗഖ്യത്തിനും പോംവഴിയുണ്ടെന്നും യുവാവ് ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ചു. മലപ്പുറത്തുള്ള മന്ത്രവാദിക്ക് ഇത്തരം സിദ്ധിയുണ്ടെന്നും അദ്ദേഹത്തെ ക്ലിനിക്കല്‍ എത്തിക്കാമെന്നും യുവാവ് ഡോക്ടര്‍ക്ക് വാഗ്ദാനവും നല്കി. ഇതോടെ പരീക്ഷിച്ചറിയാമെന്നു ഡോക്ടറും വിശ്വസിച്ചു.
സ്വര്‍ണം വച്ച് പൂട്ടും
വിശിഷ്ടാതിഥി വരുന്നുണ്ടെന്ന പ്രതീതി തീര്‍ത്താണ് യുവാവ് കൊണ്ടുവരുന്ന മന്ത്രവാദിയെ കാത്ത് ഡോക്ടറിരുന്നത്. വെള്ള വസ്ത്രം ധരിച്ചു ക്ലിനിക്കിലെത്തിയ മന്ത്രവാദിയെ യുവാവ് ഡോക്ടറെ പരിചയപ്പെടുത്തി. മന്ത്രവാദി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
ഒടുവില്‍ മന്ത്രവാദം നടത്താമെന്ന് അറിയിക്കുകയും ചെയ്തു. ഓരോ കുടുംബാംഗത്തിന്റെ പേരിലും സ്വര്‍ണാഭരണം ആവശ്യമാണെന്നും ഇവ സുരക്ഷിതമായി ഡോക്ടറുടെ ക്ലിനിക്കിലെതന്നെ അലമാരയില്‍ സൂക്ഷിക്കുമെന്നും മന്ത്രവാദി അറിയിച്ചു. ഈ അലമാരിയിലെ സ്വര്‍ണാഭരണം നിശ്ചിത ദിവസങ്ങളിലെത്തി ഊതി മന്ത്രങ്ങളോതി പൂജിക്കാമെന്നും മന്ത്രവാദി അറിയിച്ചു.
ഇതുപ്രകാരം ഡോക്ടര്‍ പരമാവധി ആഭരണങ്ങള്‍ അടുത്ത ദിവസം ക്ലിനിക്കില്‍ എത്തിച്ചു. 42 പവൻ ആഭരണങ്ങളായിരുന്നു പൂജയ്ക്കായി എത്തിച്ചത്. ആഭരണങ്ങള്‍ കണ്ട മന്ത്രവാദി സന്തുഷ്ടവാനായി. ഡോക്ടറുടെ ക്ലിനിക്കിലെ അലമാരയില്‍ വച്ച് 42 പവന് ആഭരണങ്ങളും ഭദ്രമായി പൂട്ടി.
ചില ദിവസങ്ങളില്‍ മന്ത്രവാദി എത്തുകയും അലമാരയ്ക്കു മുന്നിലെത്തി മന്ത്രമോതുകയും ചെയ്യുന്നതു ഡോക്ടര്‍ കണ്ടു. ഇപ്രകാരം ഒരു മാസത്തോളം അലമാരയിലെ സ്വര്‍ണം ഊതുകയും മന്ത്രമോതുകയും ചെയ്തു.
ശല്യപ്പെടുത്തേണ്ടന്നു കരുതി പല ദിവസങ്ങളിലും ഡോക്ടര്‍ മന്ത്രവാദ സമയത്തു മാറി നിന്നു. ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഡോക്ടര്‍ക്കുണ്ടായില്ല. ഒടുവില്‍ മന്ത്രവാദി പറഞ്ഞ ദിവസം അലമാര തുറന്നതോടെ ഡോക്ടര്‍ ഞെട്ടി !
42 പവന് ആഭരണങ്ങള്‍ വച്ചിരുന്ന സ്ഥാനത്തു പൊടിപോലുമുണ്ടായിരുന്നില്ല. ഉടന്‍ മന്ത്രവാദിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍ ഒടുവില്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
ചെട്ടിപ്പടിയിലുംതട്ടിപ്പ്
മലപ്പുറം ചെട്ടിപ്പടിയിലും അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം ഊതി മന്ത്രവാദി തട്ടിപ്പ് നടത്തിയിരുന്നു. അന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു പ്രതിയെ പിടികൂടുകയും ചെയ്തു. മാനഹാനി ഭയന്നു കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടു പോവാന്‍ പരാതിക്കാര്‍ തയാറായില്ല. ഇതോടെ മോഷ്ടിച്ച സ്വര്‍ണം തിരികെ നല്കി മന്ത്രവാദി രക്ഷപ്പെടുകയും ചെയ്തു. മന്ത്രിവാദികള്‍ ഇപ്പോഴും ഈ തന്ത്രങ്ങളുമായി സജീവമായി രംഗത്തുണ്ട്.
എല്ലാ സ്ഥലങ്ങളിലും ഇവര്‍ മോഷണം നടത്താറില്ല. ഇതു വഴി ലഭിക്കുന്ന വിശ്വാസ്യതയിലൂടെയാണ് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരിലേക്കും ഇവര്‍ ഊതല്‍ മന്ത്രവുമായി എത്തുന്നത്. ഇവിടെ തട്ടിപ്പ് നടത്തുകയും ചെയ്യും. പലരും നാണക്കേട് ഓര്‍ത്തു പോലീസില്‍ പരാതി നല്‍കില്ല. അതിനാല്‍ത്തന്നെ സ്ഥിരം തട്ടിപ്പുകാരെ പിടികൂടാനും സാധിക്കില്ല.