കട്ടപ്പന ബിആർസിയിലെ സാമ്പത്തിക ക്രമക്കേട്: 4 വർഷത്തിനിടെ തട്ടിയത് ഒരുകോടി രൂപ: മുൻ കരാർ ജീവനക്കാർക്കെതിരെ കേസ്

കട്ടപ്പന ബിആർസിയിൽ ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയ മുൻ കരാർ ജീവനക്കാർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. അക്കൗണ്ടൻ്റായിരുന്ന അശോക് വി ജോസഫ്(42), എംഐഎസ് കോ ഓർഡിനേറ്ററായിരുന്ന അഞ്ജലി ദാസ്(39) എന്നിവർക്കെതിരെയാണ് കേസ്. ഇന്റേണൽ ഓഡിറ്റുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും പിരിച്ചുവിടുകയും 32 ലക്ഷം രൂപ തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ജില്ലാ ഓഫീസ് അക്കൗണ്ടന്റ് നടത്തിയ പ്രാഥമിക പരിശോധനയിൽ 2.5 ലക്ഷം രൂപയുടെ ക്രമക്കേടാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് മുൻ ബിപിസി നടത്തിയ ഓഡിറ്റിൽ 30 ലക്ഷം രൂപ ഇരുവരും കബളിപ്പിച്ചതായി വ്യക്തമായി. ഇതുസംബന്ധിച്ച് ജില്ലാ ഓഫീസിൽ റിപ്പോർട്ട് നൽകിയിരുന്നു.
നിലവിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 2022 ഏപ്രിൽ മുതൽ കഴിഞ്ഞ ജൂൺ 30 വരെ ഒരുകോടി രൂപ ഇവർ തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്. ബിആർസിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി ജില്ലാ ഓഫീസിൽനിന്ന് ലഭിച്ച പണം ഇരുവരും സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി. വിദേശത്തേയ്ക്ക് പോയ അഞ്ച് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ രാജിവിവരം മറച്ചുവച്ച് ഇവരുടെ വേതനവും തട്ടി. ബിപിസിയുടെ യൂസർ ഐഡിയും പാസ്വേർഡും കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. ക്രമക്കേട് പുറത്തായതോടെ അക്കൗണ്ട് രേഖകളും മറ്റ് തെളിവുകളും ഇരുവരും ചേർന്ന് ഓഫീസിൽനിന്ന് മുക്കിയതായും തെളിഞ്ഞിരുന്നു.







































































































































