‘നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തം; കരുതലോടെ ഒരുമിക്കാം’
തിരുവനന്തപുരം∙ കോവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുകയാണെങ്കിലും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 വയസ്സിനു മുകളിലുള്ള 95 ശതമാനത്തോളം പേർക്കും വാക്സീൻ നൽകിയതോടെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
കോവിഡിന്റെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. അധ്യായനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്.
18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടെയും ചികിത്സയിലുള്ള രോഗികളുടെയും എണ്ണം വലിയ തോതിൽ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.
സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവ പ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദേശങ്ങൾ വിദ്യാലയങ്ങളിലേക്കും അവിടെനിന്നും രക്ഷിതാക്കളിലേക്കും കൈമാറിയിട്ടുണ്ട്.
സ്കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നതിനും ക്ലാസ് മുറികളിലെയും പരിസരങ്ങളിലെയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ വിദ്യാലയങ്ങൾ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് സുരക്ഷാവലയം തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണ്.
കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതൽ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിന്റെ പുരോഗതിക്കായി നമുക്കൊരുമിച്ചു നിൽക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടുവയ്പ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി സമൂഹമൊന്നാകെ പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു.
English Summary: CM Pinarayi Vijayan on School Reopening