അവസാന അങ്കം; ലോകകിരീടത്തിനായി അപരാജിതരായ സ്പെയിനും അർജന്റീനയും

2026 ലോകകപ്പ് കലാശപ്പോരിൽ ലോകകിരീടത്തിനായി കൊമ്പുകോർക്കാൻ ടൂർണമെന്റിലെ രണ്ട് അപരാജിതർ. ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സെമി – ഫൈനൽ വരെ തോൽവി എന്തെന്ന് അറിയാതെയാണ് സ്പെയിനും അർജന്റീനയും കലാശപ്പോര് വരെ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തായിരുന്നു സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം, ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അർജന്റീന പൂട്ടിയത്. ജൂലൈ 19 അർധരാത്രി 12:30 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.
ഈ ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു സമനിലയോ തോൽവിയോ ഉണ്ടായിട്ടില്ല. ജയത്തിന്റെ മാധുര്യം മാത്രം അറിഞ്ഞുകൊണ്ടായിരുന്നു മെസിയുടെയും സംഘത്തിന്റെയും ലോകകപ്പ് യാത്ര. കാബോ വെർദെ പോലുള്ള കുഞ്ഞൻ ടീമുകൾ അർജന്റീനയെ പല മത്സരങ്ങളിലും വിറപ്പിച്ചെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവുകളാണ് അവർക്ക് തങ്ങളുടെ വിജയങ്ങളിൽ നിർണായകമായിരുന്നത്. ഗോളടിച്ചും ഗോൾ അടിപ്പിച്ചും അർജന്റീനയുടെ ഇതിഹാസ താരമായ മെസിയും കളികളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. അത് ടീം നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല.
ആവേശവും പോരാട്ടവീര്യവുമാണ് അർജന്റീനയുടെ ഈ ലോകകപ്പിലെ ശൈലിയെങ്കിൽ നിയന്ത്രണവും കൃത്യതയുമാണ് സ്പെയിനിന്റെ കരുത്ത്. ഒരു സമനിലയും ആറ് ജയവുമാണ് സ്പെയിൻ ഈ ശൈലിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീനയെ പോലെ തന്നെ കാബോ വെർദെ തന്നെയായിരുന്നു സ്പെയിനിനെയും വിറപ്പിച്ചത്. ലാമിൻ യമാലിനെയും സംഘത്തെയും അന്ന് ഗോൾരഹിത സമനിലയിലായിരുന്നു കുഞ്ഞൻ രാജ്യമായ കാബോ വെർദെ തളച്ചിരുന്നത്. ഇനി കലാശപ്പോരിൽ സാക്ഷാൽ ലയണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ വരുമ്പോൾ എന്താകും മത്സരഫലം എന്നതാണ് ആരാധകരും ഉറ്റുനോക്കുന്നത്.







































































































































