സംസ്ഥാനത്ത് മൂന്നിൽ രണ്ട് തദ്ദേശ സ്ഥാപനങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷം. കേരളത്തിലെ 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 668 ഇടങ്ങളിലും കുറഞ്ഞതോ കൂടിയതോ ആയ തോതിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പ് തയാറാക്കിയ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ 287 തദ്ദേശ സ്ഥാപനങ്ങളെ കാട്ടുപന്നി ശല്യം അതിതീവ്രമായ മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്.
കാട്ടുപന്നി ശല്യം അതിതീവ്രമായ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ ആകെയുള്ള 78 തദ്ദേശ സ്ഥാപനങ്ങളിൽ 46 എണ്ണവും അതിതീവ്ര മേഖലകളുടെ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. 40 തദ്ദേശ സ്ഥാപനങ്ങളുമായി പാലക്കാട് ജില്ല തൊട്ടുപിന്നിലുണ്ട്. തൃശൂർ (31), കണ്ണൂർ (28) ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 137 തദ്ദേശ സ്ഥാപനങ്ങളിൽ മിതമായ തോതിലാണ് നിലവിൽ ശല്യമുള്ളത്.
അതേസമയം, സംസ്ഥാനത്തെ 366 തദ്ദേശ സ്ഥാപനങ്ങളിൽ ഇതുവരെ കാട്ടുപന്നി ശല്യം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ മൂന്ന് ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാട്ടുപന്നി ശല്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജില്ലകളിൽ കാട്ടുപന്നി ശല്യമില്ലാത്ത ഒരൊറ്റ തദ്ദേശ സ്ഥാപനം പോലുമില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
സംസ്ഥാനത്ത് കാട്ടുപന്നി ശല്യത്തിന്റെ തീവ്രത കൃത്യമായി മനസ്സിലാക്കി പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനാണ് വനംവകുപ്പ് ഈ റിപ്പോർട്ട് തയാറാക്കിയത്. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഈ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി.







































































































































