അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞു; എങ്ങുമെത്താതെ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ, യുഡിഎഫിൽ അതൃപ്തി

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നിയമനങ്ങള്‍ ഇഴയുന്നു. ബോര്‍ഡ്-കോര്പ്പറേഷന് നിയമനങ്ങളാണ് എങ്ങുമെത്താതെ കിടക്കുന്നത്. ചര്‍ച്ചകള്‍ വൈകുന്നതില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും അതൃപ്തി രൂക്ഷമാണ്.
ഘടകകക്ഷികളുമായി ബോര്‍ഡ്, കോര്പ്പറേഷന് വിഭജന ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും അപൂര്‍ണമാണ്. ഇത് മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും നിയമനങ്ങള്‍ വൈകുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സഹായിച്ച ശക്തികള്‍ക്ക് വേണ്ടി സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുന്‍മന്ത്രി പി രാജീവ് ആരോപിച്ചു. ആ ലിസ്റ്റ് ലഭിക്കാത്തതാണ് നിയമനം വൈകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ആളില്ലാത്തത് വെല്‍ഫെയര്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വിഷയത്തില്‍ യുഡിഎഫിലെ അനൈക്യവും തമ്മിലടിയുമാണ് പുറത്തുവരുന്നതെന്നും പി രാജീവ് പറഞ്ഞു.
യാതൊരു മാനദണ്ഡവുമില്ലാതെ ഒറ്റയടിക്ക് 13 പേരെ നിയമിച്ച നടപടി കോണ്‍ഗ്രസിനുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ചെലവ് ചുരുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇത്തരം നിയമനങ്ങള്‍ നടത്തുന്നത് വിരോധാഭാസമാണെന്നും പി രാജീവ് പറഞ്ഞു.
അതേസമയം, യുഡിഎഫ് സര്‍ക്കാരിനെ വിടാതെ തുടരുകയാണ് അഭിഭാഷക നിയമന വിവാദം. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരായി ബിജെപി, ഇടത് നേതാക്കളെ നിയമിച്ചെന്നാണ് പരാതി. എസ്എഫ്ഐ പ്രവര്‍ത്തകനെ സര്‍ക്കാര്‍ അഭിഭാഷകനാക്കിയെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തന്നെ രംഗത്തെത്തി. എബിവിപി നേതാവിനും നിയമനം നല്‍കിയെന്ന് ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ്, ലോയേഴ്സ് കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിലാണ്.







































































































































