San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പരിസ്ഥിതി ലോല മേഖല എം പി നിലപാട് വ്യക്തമാക്കണം: കേരള കോൺഗ്രസ്സ് (എം)



ബഫർ സോണും പരിസ്ഥിതി ലോല മേഖലയും (ESA) സംബന്ധിച്ച് ഡീൻ കുര്യാക്കോസ് നടത്തുന്ന പ്രസ്താവനകൾ വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ആരോപിച്ചു.

യു.പി.എ. സർക്കാരിന്റെ കാലത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിന്റെ നേതൃത്വത്തിൽ 2010-ലാണ് മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി രൂപീകരിച്ചത്. ആറു സംസ്ഥാനങ്ങളിലായി 1,29,037 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തിയ സമിതി 2011-ൽ റിപ്പോർട്ട് സമർപ്പിച്ചു.

എന്നാൽ, ഗാഡ്ഗിൽ റിപ്പോർട്ടിൽ ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നതും താലൂക്ക് അടിസ്ഥാന യൂണിറ്റായി പരിഗണിച്ചതും റിപ്പോർട്ട് പ്രായോഗികമല്ലെന്ന വിമർശനത്തിന് ഇടയാക്കി. ഇതിനെ തുടർന്ന് ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു.

കസ്തൂരിരംഗൻ സമിതി ഗാഡ്ഗിൽ റിപ്പോർട്ടിൽ ഭേദഗതി വരുത്തി, ആറു സംസ്ഥാനങ്ങളിലായി 59,940 ചതുരശ്ര കിലോമീറ്റർ ESA ആയി നിർദേശിച്ചു. താലൂക്കുകൾക്ക് പകരം വില്ലേജുകളെ അടിസ്ഥാന യൂണിറ്റാക്കി തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ ESA ആയി നിർദേശിച്ചു.
ഈ റിപ്പോർട്ടും പൂർണമായി അംഗീകരിക്കാനാകില്ലെന്ന് മനസ്സിലാക്കിയ അന്നത്തെ യു.ഡി.എഫ്. സർക്കാർ പഞ്ചായത്തുതലത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി നേരിട്ടുള്ള സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡോ. ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.


ഉമ്മൻ വി. ഉമ്മൻ സമിതി 123 വില്ലേജുകളിലെ 3,114.3 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ESA-യിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്തു. ഇതോടെ ESA വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലകളിൽ ഇടകലർന്നുകിടക്കുന്ന പാറ, തോട്, ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2014 മാർച്ച് 10-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി.

ESA ഒരു തുടർപ്രദേശമായിരിക്കണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്, പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ്. സർക്കാർ 886.7 ചതുരശ്ര കിലോമീറ്റർ ESA-യിൽ നിന്ന് ഒഴിവാക്കണമെന്നും ESA വനഭൂമിയിൽ മാത്രം പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തി.

തുടർന്നുള്ള പഠനത്തിൽ വനഭൂമിയില്ലാത്ത 31 വില്ലേജുകൾ ESA-യിൽ നിന്ന് പൂർണമായും ഒഴിവാക്കി. വനവും റവന്യൂ ഭൂമിയും ഉൾപ്പെടുന്ന വില്ലേജുകളിൽ വനംവകുപ്പിന്റെ പരിധിയിലുള്ള വനഭൂമി മാത്രം ഉൾപ്പെടുത്തി അക്ഷാംശ-രേഖാംശങ്ങൾ രേഖപ്പെടുത്തി പുതിയ മാപ്പ് തയ്യാറാക്കി. ഇതോടെ വനഭൂമിയുടെ യഥാർത്ഥ വിസ്തൃതി ഉമ്മൻ വി. ഉമ്മൻ സമിതി നിർദേശിച്ചിരുന്ന 9,107 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8,656.56 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു.

ഉമ്മൻ വി. ഉമ്മൻ സമിതി വനേതരമായി നിർദേശിച്ചിരുന്ന 886.7 ചതുരശ്ര കിലോമീറ്ററും, 92 വില്ലേജുകളിൽ വനംവകുപ്പിന്റെ പരിധി പുനർനിർണയിച്ചതിനെ തുടർന്ന് കുറവുവന്ന 450.66 ചതുരശ്ര കിലോമീറ്ററും ഉൾപ്പെടെ ആകെ 1,337 ചതുരശ്ര കിലോമീറ്റർ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കി 8,656.56 ചതുരശ്ര കിലോമീറ്റർ മാത്രം ESA ആയി പരിഗണിക്കണമെന്ന നിർദേശമാണ് കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ ഈ നിർദേശം കേന്ദ്രം തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇടുക്കി ജില്ലയിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ 47 വില്ലേജുകളിലായി 3,788 ചതുരശ്ര കിലോമീറ്ററായിരുന്ന ESA വിസ്തൃതി, 2018 ഡിസംബർ 3-ലെ കരട് വിജ്ഞാപനത്തിൽ 47 വില്ലേജുകളിലായി 2,651.12 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകളും ശാസ്ത്രീയ പഠനങ്ങളും അടിസ്ഥാനമാക്കി ESA വനഭൂമിയിൽ മാത്രം നിലനിർത്തുകയും വനേതര മേഖലകളെ ഒഴിവാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച നിർദേശങ്ങൾ അന്തിമ വിജ്ഞാപനത്തിൽ നടപ്പാക്കുന്നതിനായി എം.പി. എന്ന നിലയിൽ താൻ എന്തെല്ലാം ഇടപെടലുകളാണ് നടത്തിയതെന്ന് ഡീൻ കുര്യാക്കോസ് ജനങ്ങളോട് വ്യക്തമാക്കണമെന്ന് ജോസ് പാലത്തിനാൽ ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!