കുട്ടികൾ ഇനി മിണ്ടാതിരിക്കില്ല; ‘മനസ്സുതുറക്കാം’ പദ്ധതിയുമായി കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ

സന്തോഷവും സങ്കടവും ഭയവും സ്വപ്നങ്ങളും ഇനി രഹസ്യമായി അധ്യാപകരോട് പങ്കുവയ്ക്കാം; കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് മാതൃകാപരമായ ശിശുസൗഹൃദ സംരംഭം
കാഞ്ചിയാർ: സമൂഹത്തെ നടുക്കിയ സമീപകാല കുടുംബ ആത്മഹത്യകളും കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ആശങ്കകളും മുൻനിർത്തി സംസ്ഥാനത്തിന് മാതൃകയാകുന്ന ശിശുസൗഹൃദ പദ്ധതിയുമായി കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂൾ. “മിണ്ടാതിരിക്കരുത്… മനസ്സുതുറക്കാം” എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഭയങ്ങളും ആശങ്കകളും വീട്ടിലെയും സ്കൂളിലെയും പ്രശ്നങ്ങളും സ്വപ്നങ്ങളും നിർദേശങ്ങളും പൂർണ രഹസ്യതയോടെ അധ്യാപകരുമായി പങ്കുവയ്ക്കാൻ അവസരമൊരുക്കുന്നു.
പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക “മനസ്സുതുറക്കാം” ആശയവിനിമയ പെട്ടി സ്ഥാപിച്ചു. വിദ്യാർത്ഥികൾക്ക് പേര് രേഖപ്പെടുത്തിയോ പേരില്ലാതെയോ കുറിപ്പുകൾ നിക്ഷേപിക്കാം. ഓരോ കുറിപ്പും പ്രധാനാധ്യാപികയും അധ്യാപകരും അതീവ രഹസ്യമായി പരിശോധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും വിദഗ്ധ കൗൺസിലിംഗ് ഉൾപ്പെടെയുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യും. പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് തിരിച്ചറിഞ്ഞ് സമയബന്ധിതമായി ഇടപെടാനും ഓരോ കുട്ടിക്കും സുരക്ഷിതമായ ഒരു കേൾവിയിടം ഒരുക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
“ഓരോ കുട്ടിക്കും കേൾക്കപ്പെടാനും മനസ്സിലാക്കപ്പെടാനും അവകാശമുണ്ട്. മിണ്ടാതിരുന്ന് വേദന സഹിക്കുന്നതിനേക്കാൾ വിശ്വസിക്കുന്ന ഒരാളോട് മനസ്സ് തുറക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പഠനത്തിനുള്ള ഇടം മാത്രമല്ല, സ്നേഹവും കരുതലും സുരക്ഷിതത്വവും അനുഭവിക്കാൻ കഴിയുന്ന ഇടമാകണം വിദ്യാലയം,” എന്ന് പ്രധാനാധ്യാപിക ലിൻസി ജോർജ് പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണി തോമസ് നിർവഹിച്ചു.കുട്ടികളുടെ ശബ്ദത്തിന് വില നൽകുകയും അവരുടെ മാനസികാരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയും ചെയ്യുന്ന ഈ സംരംഭം സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാകുമെന്ന് ടോണി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്മോൻ കോഴിമല മുഖ്യപ്രഭാഷണം നടത്തി. ഇല നേച്ചർ ഫൗണ്ടേഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റപ്പള്ളി കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന്റെയും സമയബന്ധിതമായ മാനസിക പിന്തുണയുടെ ആവശ്യകതയുടെയും പ്രാധാന്യം വിശദീകരിച്ചു.
പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ അധ്യാപകരായ വിഷ്ണു ഗോപാലകൃഷ്ണൻ, അമലു മാത്യു, അനുഷ ഷാജി വിദ്യാർത്ഥികളായ ഹദസ എയ്ഞ്ചൽ ഷിജോ, അർച്ചന അജിത്ത്, നിള രതീഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : കാഞ്ചിയാർ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ ‘മനസ് തുറക്കാം’ പദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ടോണി തോമസ് ഉത്ഘാടനം ചെയ്യുന്നു.



























































































































