കട്ടപ്പന ടൗണിൽ ട്രാഫിക് പരിഷ്കാരങ്ങൾ മൂന്ന് ഘട്ടമായി നടപ്പിലാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും നഗരസഭ കൗൺസിലും തീരുമാനിച്ചു

ഒന്നാം ഘട്ടമായി നടപ്പാക്കുന്നതിനുള്ള നഗരസഭയുടെ നിർദ്ദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിന് രൂപം നൽകി.
1. നിർമ്മാണം പൂർത്തീകരിച്ച വെള്ളയാംകുടി – കക്കാട്ടുകട റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നതിന്, വാഹനം ഓടിക്കുന്നവർക്ക് അകലെനിന്നു വരുമ്പോൾ തന്നെ ദൃശ്യമാകുന്ന രീതിയിൽ വെള്ളയാംകുടിയിലും കക്കാട്ടുകടയിലും വലിയ ബോർഡുകൾ സ്ഥാപിക്കുക. ഏലപ്പാറ റൂട്ടിൽ നിന്നും ഇടുക്കി, എറണാകുളം, തൊടുപുഴ, ഇരട്ടയാർ, നെടുങ്കണ്ടം എന്നീ റൂട്ടുകളിലേക്ക് പോകേണ്ട വാഹനങ്ങളും, ഇടുക്കി ഭാഗത്തുനിന്നും കോട്ടയം, വാഗമൺ, ഉപ്പുതറ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളും ടൗണിൽ പ്രവേശിക്കേണ്ടതില്ല.
2. ഇടുക്കിക്കവല – അശോക ജംഗ്ഷൻ റോഡിൽ നിന്നും നേതാജി ബൈപ്പാസിലേക്കും, ബൈപ്പാസിൽ നിന്നും അശോക ജംഗ്ഷൻ റോഡിലേക്കും റൈറ്റ് ടേൺ അനുവദിക്കുന്നതല്ല.
3. അശോക ജംഗ്ഷൻ – സെൻട്രൽ ജംഗ്ഷൻ റോഡിലെ സീബ്രാ ലൈൻ ഒഴിവാക്കും. മാർക്കറ്റ് റോഡിലും സ്കൂൾ കവലയിലും പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും. വ്യക്തമല്ലാത്ത ലൈനുകൾ നവീകരിക്കും.
4. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് ജി.എസ്.ടി. ഓഫീസ് ഭാഗത്തേക്കും, സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കൊല്ലംകുടി ബിൽഡിങ്ങിന്റെ ഭാഗത്തേക്കും മാറ്റുന്നതാണ്. ഇടുക്കിക്കവലയിലെ ഇടുക്കി ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പും ഏലപ്പാറ ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പും 50 അടി വീതം മുന്നോട്ട് നീക്കും. ഗുരുമന്ദിരം ജംഗ്ഷനിലെ സ്റ്റോപ്പ് കേജീസ് ബിൽഡിങ്ങിന്റെ ഭാഗത്തേക്ക് മാറ്റും. ഇടശ്ശേരി ജംഗ്ഷനിലെയും മാർക്കറ്റ് ജംഗ്ഷനിലെയും സ്റ്റോപ്പുകൾ മുന്നോട്ട് നീക്കും. സി.എസ്.ഐ. പള്ളിയുടെ ഭാഗത്ത് പുതിയ സ്റ്റോപ്പ് അനുവദിക്കും. പഴയ സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കും. ഇടുക്കിക്കവല, സെൻട്രൽ ജംഗ്ഷൻ, ഗുരുമന്ദിരം ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ പൂർണ്ണമായും സ്വതന്ത്രമാക്കും.
5. ടൗണിലെ റോഡുകളുടെ പുറമ്പോക്കുകളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ താൽക്കാലിക നിർമ്മാണങ്ങളും നീക്കം ചെയ്യും.
6. കുന്തളംപാറ – മാർക്കറ്റ് റോഡ് വഴി കുമളി, നെടുങ്കണ്ടം ഭാഗങ്ങളിലേക്കുള്ള ബസ്സുകളുടെ റൂട്ട് ടൗണിലെ മെയിൻ റൂട്ടിലേക്കും; തൊടുപുഴ, എറണാകുളം റൂട്ടുകളിലെ ബസ്സുകൾ പള്ളിക്കവല ബൈപ്പാസ് റൂട്ടിലേക്കും മാറ്റും.
7. ട്രഷറി ജംഗ്ഷൻ – ടി.ബി. ജംഗ്ഷൻ റോഡ് വൺവേ ആക്കും.
ഒന്നാം ഘട്ട പരിഷ്കാരങ്ങൾ എന്ന നിലയിൽ ജനകീയ സമിതിയുടെ ഈ തീരുമാനങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.



























































































































