ജെ.പി.എം കോളേജിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ലബ്ബക്കട: കാഞ്ചിയാർ ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അധ്യയനവർഷത്തെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്കായി ‘സ്പ്രിങ് 2026’ എന്ന പേരിൽ പ്രവേശനോത്സവവും വരവേൽപ്പ് ചടങ്ങും സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷം അഡ്മിഷൻ പൂർത്തിയാക്കിയ മുന്നൂറോളം നവാഗത വിദ്യാർത്ഥികളാണ് ക്യാമ്പസിലേക്ക് കാലെടുത്തുവെച്ചത്.
കാഞ്ഞിരപ്പള്ളി രൂപതവികാരിജനറാൾ ഫാ. ഡോ. ജോസഫ് വെള്ളാമറ്റം ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.പി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി.എസ്.ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി.എസ്.ടി സ്വാഗതവും പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. അധ്യയനവർഷത്തെക്കുറിച്ചുള്ള സന്ദേശവും നൽകി. ചടങ്ങിന്റെ ഭാഗമായി മുൻവർഷത്തെ ബിരുദബാച്ചുകളിൽ ഉന്നതവിജയം കൈവരിച്ച റാങ്ക് ജേതാക്കളെയും വിശിഷ്ട അതിഥികളെയും ആദരിക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ വിഭാഗമേധാവികളെ വേദിയിൽ പരിചയപ്പെടുത്തുകയും, നവാഗതർക്കായി പ്രതിജ്ഞാ ചടങ്ങും നടന്നു.
ജെ. പി.എം. ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട്, കോളേജ് ബർസാർ ഫാ. ചാൾസ് തൊപ്പിൽ സി.എസ്.ടി, സോഷ്യൽ വർക്ക് വിഭാഗം റവ. സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ, പി.ടി.എ വൈസ് പ്രസിഡന്റ് എബ്രഹാം ടി. വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥിയായ അനുരൂപ് ബിജുവിന്റെ ഗാനാലാപനവും കോളേജ് മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. പ്രോഗ്രാം കോർഡിനേറ്റർ അഖിൽകുമാർ എം. നന്ദി പ്രകാശിപ്പിച്ചു.



























































































































