മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിർദേശം ആവശ്യപ്പെട്ടുi

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ (Comprehensive Dam Safety Evaluation – CDSE) നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ (Independent Panel of Experts – IPoE) കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം സമർപ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (National Dam Safety Authority – NDSA) കേരള സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് അറിയിപ്പ് ലഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സർക്കാറിനെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്ന ശ്രീ. ടി. ആർ. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെ തുടർന്ന് ഈ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ശ്രീ. സി. ആർ പാട്ടിലിനും കേരള സർക്കാർ അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിർദേശം ചെയ്യാൻ കേന്ദ്രം നടപടി എടുത്തിട്ടുള്ളത്.
ഇതിനനുസരിച്ച്, കേന്ദ്ര സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി അനുയോജനായ ഒരു വിദഗ്ധന്റെ പേര് കേരള സർക്കാർ പുതുതായി ഉടനെ നാമനിർദേശം ചെയ്യുന്നതായിരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.







































































































