300-ൽ നിന്നിറങ്ങി റബ്ബർവില; പ്രതീക്ഷ കൈവിടരുതെന്ന് രാജ്യങ്ങൾ, വില 350 കടക്കുമെന്ന് ലോകബാങ്ക്

കോട്ടയം: യുദ്ധസാഹചര്യത്തിൽ അയവ് വന്നതോടെ അന്താരാഷ്ട്ര, തദ്ദേശീയ റബ്ബർവിലയിൽ കുറവ്. കൃഷിക്കാർ ആകാംക്ഷയോടെ കാത്തിരുന്ന കിലോഗ്രാമിന് 300 രൂപയെന്ന കടമ്പ കടന്ന് വില മുന്നോട്ട് പോയെങ്കിലും 18-ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ഇടിവാണ് കണ്ടത്. ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ്.നാല് ഗ്രേഡിന് വില 295 രൂപയിലേക്ക് താഴ്ന്നു. തദ്ദേശീയ വില ആർ.എസ്.എസ്. നാലിന് 265 രൂപയാണ്. 270 രൂപവരെ വന്ന ശേഷമാണീ ഇറക്കം. യുദ്ധസാഹചര്യത്തിൽ പരമാവധി ചരക്ക് എടുക്കുകയെന്ന നയം ടയർകമ്പനികൾ സ്വീകരിച്ചിരുന്നു. കപ്പൽയാത്രാ പ്രശ്നങ്ങളും കണ്ടയ്നർ ക്ഷാമവും അവരെ അലട്ടിയിരുന്നു. എന്നാൽ സ്ഥിതി അയഞ്ഞതോടെ വാങ്ങൽ ജാഗ്രതയോടെയാക്കി. ഇടനിലക്കാരും ലേശം പിൻമാറി നിന്നു. വൻതോതിൽ ചരക്ക് ബുക്ക് ചെയ്തവർ അതൊഴിവാക്കി. ഇന്ത്യയിലെ വലിയ ഉത്പാദകരായ കേരളത്തിൽ മൺസൂൺ ദുർബലമായത് ടാപ്പിങ് മെച്ചപ്പെടുത്തി. ചരക്ക് വരവ് മെച്ചപ്പെട്ടു. ഇതാണ് ഇവിടെ വില കുറയാൻ ഇടയാക്കിയത്.
ജൂൺ നാലിന് അന്താരാഷ്ട്രവില 300 കടന്ന് കുതിപ്പായിരുന്നു. 16-ന് 307 രൂപ വരെയെത്തി. ഈസമയം തദ്ദേശീയ വില 270 രൂപ വരെ വന്നിരുന്നു. കേരളത്തിൽ വില 300 കടന്ന് മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും കാര്യമായ കുതിപ്പുണ്ടായില്ല.
തിരുത്തലുകൾ താത്കാലികമാണെന്നാണ് ഉത്പാദകരാജ്യങ്ങളുടെ വിലയിരുത്തൽ. മരങ്ങളുടെ രോഗം,മഴ,പുനർകൃഷിയുടെ കുറവ് എന്നീ കാരണങ്ങളാൽ ഈ കൊല്ലം വില 350 കടക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തിയത്. കർഷകർ പ്രതീക്ഷയോടെ മുന്നോട്ടുപോയി ഇപ്പോഴത്തെ വിലയുടെ നേട്ടം സ്വന്തമാക്കണമെന്നാണ് ബോർഡും ശുപാർശ ചെയ്യുന്നത്.






































































































