വീര്യം കുറഞ്ഞ മദ്യം: തുടക്കം VS സർക്കാരിൻ്റെ കാലത്ത്; ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ്

വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കത്തിന്റെ തുടക്കം വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത്. 18 വർഷങ്ങൾക്ക് മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത്. 2008ൽ പ്രൊപ്പോസൽ വിഎസ് സർക്കാർ അംഗീകരിച്ചെന്ന് സർക്കാർ രേഖകൾ. തുടർ നടപടി ആവശ്യപ്പെട്ട് നികുതി സെക്രട്ടറി എക്സൈസ് കമ്മിഷണർക്ക് കത്ത് നൽകി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നീക്കം വിവാദമായതിനിടെയാണ് രേഖകൾ പുറത്തുവന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മദ്യ കമ്പനിയായ ബക്കാർഡിയുടെ അപേക്ഷ സ്വീകരിച്ച് അതിവേഗത്തിലാണ് തീരുമാനം വന്നതെന്നും അഴിമതിക്ക് വേണ്ടിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണ പക്ഷത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കി. എന്നാൽ സഭയ്ക്ക് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും പ്രതിപക്ഷം അഴിമതി ആരോപണം ആവർത്തിച്ചു.
അടിയന്തിര പ്രമേയ നോട്ടീസ് നിരാകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനത്തിൽ അഴിമതി ആരോപിച്ചത്. ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.







































































































