അർധരാത്രി നെഞ്ചുവേദന അനുഭവപ്പെട്ട വയോധികന് പട്രോളിങ്ങിനിടെ സഹായവുമായി മുട്ടം പോലീസ്

മുട്ടം, കന്യാമല ആശാരിപാറയിൽ പത്രോസ് (74) എന്ന വയോധികന് രാത്രിയില്‍ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സമയം ഏറെ നേരം വാഹനത്തിനായി കാത്തുനിന്നെങ്കിലും വാഹനം ലഭിച്ചില്ല. ഷർട്ട് ഊരി കയ്യിൽ പിടിച്ച് നെഞ്ചും തിരുമ്മി വിഷമിച്ചിരുന്ന പത്രോസിനെയും, ഭാര്യയെയും ഈ സമയം പട്രോളിങ്ങിനിടെ മുട്ടം പൊലീസ് കാണുകയും കാര്യം തിരക്കുകയും, നെഞ്ചു വേദന ആണെന്നും മുൻപ് ഹാർട്ട് അറ്റാക്ക് ഉൾപ്പെടെ വന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണെന്നും അറിഞ്ഞതോടെ ഇവരെ പൊലീസ് വാഹനത്തിൽ കയറ്റി മുട്ടത്തെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ മുട്ടത്തെ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നറിഞ്ഞതോടെ പൊലീസ് വാഹനത്തിൽ തന്നെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മുട്ടം സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സാന്റിനോ അനന്തകുമാർ, പോലീസ് ഡ്രൈവറായ നിബിൻ പോൾ എന്നിവരായിരുന്നു ഉദ്യമത്തിന് പിന്നില്‍. ഒരാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മുട്ടം പോലീസ് സ്റ്റേഷനിലെത്തിയ പത്രോസ്, മറ്റൊരു ഡ്യൂട്ടിയിലായിരുന്ന ടി ഉദ്യോഗസ്ഥരെ കാത്തിരുന്ന് കണ്ട് നന്ദിയും പറഞ്ഞു മടങ്ങി.
📢 അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ഉടൻ വിളിക്കൂ : 112







































































































