കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ ജില്ലയിൽ നിന്നുള്ള എംഎൽഎമാർക്ക് സ്വീകരണം നൽകി

കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ ജില്ലയിൽ നിന്നുള്ള എംഎൽഎമാർക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാർഗ്ഗരേഖ സമർപ്പണവും നടന്നു. കരിമ്പൻ ബിഷപ്സ് ഹൗസിലെ ഓഡിറ്റോറിയത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അഡ്വ.അപു ജോൺ ജോസഫ് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ഉടുമ്പഞ്ചോല എംഎൽഎ അഡ്വ. സേനാപതി വേണു എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. പിന്നോക്ക ജില്ലയായ ഇടുക്കിയുടെ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ട മേഖലകളും പദ്ധതികളും ഉൾപ്പെടുത്തിയ ഇടുക്കി ജില്ലയുടെ വികസന മാർഗരേഖ നിയമസഭ സാമാജികർക്ക് ഭാരവാഹികൾ സമർപ്പിച്ചു.
ക്രൈസ്തവ സഭാ വിശ്വാസികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനുമായി സമർപ്പിച്ച ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ഗവൺമെന്റിന്റെ മുമ്പിൽ സമ്മർദ്ദ ശക്തിയായി മാറാൻ എം എൽ എമാർ പ്രതിജ്ഞാബദ്ധമാകണം. കേരളത്തിൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിൽ നിന്നും മലയോര ജനങ്ങളും ന്യൂനപക്ഷ ജനവിഭാഗമായ ക്രൈസ്തവ സമുദായവും പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിൽ ഇടുക്കിയിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് വളരെ കാര്യമായ പങ്ക് നിർവഹിക്കാനാവും. ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാകണം. മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾ, നിർമ്മാണ നിരോധനം, സങ്കീർണമായ പട്ടയ പ്രശ്നങ്ങൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കണ്ടെത്തണം. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളോടൊപ്പം ആരോഗ്യമേഖലയിലും പൊതുമരാമത്ത് മേഖലയിലും ടൂറിസം മേഖലകളിലും വളരെ മെച്ചപ്പെട്ട പ്രവർത്തനമുണ്ടാകണം. നിർമ്മാണ നിരോധനവും നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ അഭാവവും റോഡ് ടൂറിസം മേഖലകളിലെ വികസനത്തിന് എതിരുനിൽക്കുന്ന വനം വകുപ്പിന്റെ നിഷേതാത്മകമായ സമീപനവും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ എല്ലാം ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ നേടുന്നതിനും പരിഹാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ജില്ലയിൽ നിന്നുള്ള എംഎൽഎമാർക്ക് കഴിയണമെന്നും സംഘടനാ നേതാക്കൾ എം എൽ എമാരോട് ആവശ്യപ്പെട്ടു.
സ്വീകരണ സമ്മേളനത്തിൽ രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം ജന. സെക്രട്ടറി സിജോ ഇലന്തൂർ ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ ഗ്ലോബൽസമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി റിൻസി സിബി യൂത്ത് കൗൺസിൽ, ഗ്ലോബൽ കോഡിനേറ്റർ ജെറിൻ ജെ പട്ടാങ്കുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.







































































































