ലഹരിക്കെതിരെ ക്യാൻവാസിൽ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റായ “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്” പരിപാടിയുടെ ഭാഗമായി ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനാ മത്സരം നടത്തപ്പെട്ടു. ‘ലഹരി വിമുക്ത കേരളം, ലഹരി വിമുക്ത ക്യാമ്പസ്’ എന്ന സന്ദേശം മുൻനിർത്തി ‘TOOFAN 2K26’ എന്ന പേരിലാണ് ഈ മത്സരം നടത്തിയത്.
ജൂൺ 17 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളും അത് സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കുട്ടികൾ തങ്ങളുടെ ക്യാൻവാസിൽ വരച്ചു കാട്ടി. ലഹരി വിരുദ്ധ ബോധവൽക്കരണം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സർഗ്ഗാത്മക മത്സരങ്ങൾ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ അവബോധ ക്ലാസുകളും അനുബന്ധ പരിപാടികളും സജീവമായി നടന്നു വരികയാണ്. ഇത്തരം അവബോധ ക്ലാസുകളോ പരിപാടികളോ തങ്ങളുടെ വിദ്യാലയങ്ങളിലും സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.







































































































