മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം മന്ദഗതിയിലെന്ന് ആരോപണം. നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ പുനരധിവാസം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് ദുരന്തബാധിതര്‍. മഴയ്ക്ക് മുന്‍പേ വീടുകളില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കും എന്ന് അധികൃതര്‍ നല്‍കിയ ഉറപ്പില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുരന്ത ബാധിതര്‍.
സോണ്‍ അഞ്ചിലാണ് കൂടുതല്‍ വീടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്.കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ പല വീടുകളുടെയും വാര്‍പ്പ്,പ്ലംബിംഗ് വയറിങ്, അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മുന്‍പ് രാപ്പകല്‍ വ്യത്യാസമില്ലാതെ രണ്ടായിരത്തി മുന്നൂറിലധികം തൊഴിലാളികള്‍ പ്രതിദിനം ജോലി ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ വെറും അറന്നൂറോളം പേര്‍ മാത്രമാണ് ടൗണ്‍ഷിപ്പില്‍ ജോലി ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കേണ്ട 149 വീടുകളുടെ നിര്‍മ്മാണം ഇതോടെ മന്ദഗതിയിലായി.
തൊഴിലാളികളുടെ എണ്ണത്തില്‍ വന്ന വന്‍ കുറവാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.
മന്ത്രിമാരായ ടി. സിദ്ദീഖ്, കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മുപ്പത്തിയൊന്നിന് കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്ന് നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തൊഴിലാളികളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലം കണ്ടില്ല. രണ്ടാം ഘട്ടത്തിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് പോലും ഇതുവരെ പൂര്‍ത്തിയായില്ല. ഒന്നാം ഘട്ടത്തില്‍ കൈമാറിയ 178 വീടുകളില്‍ 120 വീടുകളിലാണ് ഇതുവരെ താമസം തുടങ്ങിയത്.
കാലവര്‍ഷം ശക്തിയാകുന്ന സാഹചര്യത്തില്‍ നിര്‍മ്മാണം മുടങ്ങാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കണമെന്നാണ് ദുരന്ത ബാധിതരുടെ ആവശ്യം.







































































































