റബർ വിലയിൽ ഇടിവ്, അടയ്‌ക്ക കർഷകർക്ക് താങ്ങ് പകരാൻ മാറ്റം ആവശ്യപ്പെട്ട് കാംപ്‌കോ

അടയ്‌ക്ക കർഷകർക്ക് ആ സുവർണകാലം തിരിച്ചു പിടിക്കാനാവുമോ? ദക്ഷിണേന്ത്യൻ കവുങ്ങ് കർഷകർക്ക് താങ്ങ് പകരാൻ നികുതിഘടനയൽ മാറ്റം ആവശ്യപ്പെട്ട് മംഗലാപുരം ആസ്ഥാനമായുള്ള കാംപ്‌കോ രംഗത്ത്. ചില സംസ്ഥാനങ്ങൾ അടയ്‌ക്ക് ഏർപ്പെടുത്തിയ വിപണി നികുതി ഒഴിവാക്കിയാൽ കാർഷിക മേഖലയ്‌ക്ക് മികവിന് അവസരം ലഭിക്കുമെന്നാണ് കർണാടകത്തിലെ ഈ അർധസർക്കാർ സ്ഥാപനത്തിന്റെ വിലയിരുത്തൽ.
ഒന്നര ലക്ഷം കർഷകർ അംഗങ്ങളായുള്ള അവരുടെ നീക്കം വിജയിച്ചാൽ കർണാടകത്തിലെ മാത്രമല്ല, കേരളത്തിലെ കവുങ്ങ് കർഷകർക്ക് ഉയർന്ന വിലയ്‌ക്ക് ഉൽപന്നം വിറ്റുമാറാനാവും. നിലവിൽ ക്വിന്റലിന് അടയ്‌ക്കാ 40,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നേരത്തെ അരലക്ഷം രൂപയ്‌ക്ക് മുകളിൽ അടയ്‌ക്ക വില സഞ്ചരിച്ചിരുന്നു. രാജ്യത്തെ പാൻമസാല വ്യവസായികളാണ് അടയ്‌ക്ക മുഖ്യമായും ശേഖരിക്കുന്നത്.
ജപ്പാൻ റബർ അവധി വ്യാപാരത്തിലെ അധിക വാങ്ങൽ വിപണിയിൽ സാങ്കേതിക തിരുത്തലിന് ഇടയാക്കി. വിലയിൽ തിരുത്തൽ സാധ്യതയ്‌ക്കുള്ള സൂചന ഇന്നലെ നൽകിയത് ശരിവെച്ച് റബർ വില കിലോ 448 യെന്നിൽ നിന്നും 437 ലേയ്‌ക്ക് ഇടിഞ്ഞു. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയ്‌ക്ക് അയവ് കണ്ട് തുടങ്ങുന്നതും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും റബറിനെ സമ്മർദ്ദത്തിലാക്കിയതോടെ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 306 രൂപയായി താഴ്‌ന്നു. ടയർ നിർമാതാകളും ഉത്തരേന്ത്യൻ വ്യവസായികളും കൊച്ചിയിൽ നിന്നും നാലാം ഗ്രേഡ് 278 രൂപയ്‌ക്കും അഞ്ചാം ഗ്രേഡ് 273 രൂപയ്‌ക്കും ശേഖരിച്ചു.
കേരളത്തിലും തമിഴ്‌നാട്ടിലും നാളികേരോൽപന്ന വില സ്‌റ്റെഡി. പ്രതികൂല കാലാവസ്ഥയിൽ നാളികേര വിളവെടുപ്പ് മന്ദഗതിയിലാണ്. കൊച്ചിയിൽ കൊപ്ര ക്വിന്റലിന് 12,900 രൂപയിൽ വിപണനം നടക്കുമ്പോൾ തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ 1000 രൂപ കുറച്ചാണ് ചരക്ക് സംഭരിക്കുന്നത്.







































































































