ഷിഗല്ല രോഗബാധയ്‌ക്കെതിരെ ജാഗ്രതപുലര്‍ത്തണം

ഷിഗല്ല രോഗബാധ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബാക്ടീരിയ പരത്തുന്ന ഒരു വയറിളക്കരോഗമാണ് ഷിഗല്ല. രോഗിയുടെ മലവിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കള്‍ ഉള്ള പ്രതലങ്ങള്‍ രോഗിപരിചണം എന്നിവയിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛര്‍ദി, മനംപിരട്ടല്‍, രക്തം കലര്‍ന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയില്‍ പോകണമെന്ന് തോന്നല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.
പ്രതിരോധമാര്‍ഗം
ഭക്ഷണത്തിനു മുമ്പും ശൗചാലയും ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.
ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍, തട്ടുകടകള്‍, മറ്റുഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ ശുചിത്വപരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പുമായി സംയോജിച്ച് സംയുക്തപരിശോധനകള്‍ നടത്തുന്നതായും വ്യക്തിശുചിത്വം സംബന്ധിച്ചും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഹാന്‍ഡ് വാഷിംഗ് സംബന്ധിച്ചുമുള്ള ബോധവത്കരണം ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഭക്ഷണനിര്‍മ്മാണം, സംഭരണം, വിതരണം എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായിപാലിക്കണം. സ്‌കൂളുകളില്‍ കുട്ടികള്‍ക്കു വിതരണം ചെയ്യുന്ന മുട്ട കഴുകിയതിനുശേഷം മാത്രം പുഴുങ്ങുകയും, പുഴുങ്ങിയ വെള്ളം ഒഴിച്ചുകളയുകയും അന്തരീക്ഷ ഊഷ്മാവില്‍ തണുക്കാന്‍ വെച്ചതിനു ശേഷം മാത്രം കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പാചകതൊഴിലാളികള്‍, മറ്റുജീവനക്കാര്‍ എന്നിവര്‍ക്ക് വ്യക്തിശുചിത്വം കൈകഴികള്‍ സുരക്ഷിത ഭക്ഷണശീലങ്ങള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം.
രോഗങ്ങളെകുറിച്ചും ജലജന്യരോഗങ്ങളെകുറിച്ചും പകര്‍ച്ചാവ്യാധികളെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഇടുക്കി അറിയിച്ചു.







































































































