എൽ നിനോയിൽ കരിഞ്ഞുണങ്ങുമോ കേരളത്തിന്റെ കൃഷിയിടങ്ങൾ? വേണം മുന്നൊരുക്കങ്ങളും ജാഗ്രതയും

2026-ലെ ഇടവപ്പാതി കേരളത്തിലെത്തിയത് വലിയൊരു ആശങ്കയുടെ നിഴലിലാണ്. ജൂൺ ഒന്നിന് ലഭിക്കേണ്ട മഴ വൈകിയെത്തിയതും പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം ഇന്ത്യൻ മൺസൂണിനെ ദുർബലപ്പെടുത്തുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും കർഷകരെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു. സാധാരണ ലഭിക്കേണ്ട മഴയുടെ 90 ശതമാനത്തിൽ താഴെ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന പ്രവചനം സംസ്ഥാനത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു വെല്ലുവിളിയാണ്.
കേരളത്തിന്റെ പകുതിയോളം കൃഷിഭൂമിയും മഴയെ മാത്രം ആശ്രയിച്ചു നിലനിൽക്കുന്നതിനാൽ, മഴയുടെ കുറവ് മണ്ണിലെ ഈർപ്പം ഇല്ലാതാക്കാനും താപനില വർദ്ധിപ്പിക്കാനും കാരണമാകുന്നു. നെല്ല്, ഏലം, കുരുമുളക് തുടങ്ങിയ പ്രധാന വിളകളെല്ലാം ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ, ശാസ്ത്രീയമായ കൃഷിരീതികളും സർക്കാർ തലത്തിലുള്ള നയപരമായ ഇടപെടലുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള ശക്തമായ മുന്നൊരുക്കങ്ങളും ജാഗ്രതയും കേരളത്തിന്റെ കാർഷിക മേഖലയെ സംരക്ഷിക്കാൻ അനിവാര്യമാണ്.
എന്താണ് എൽ നിനോ?
പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കുഭാഗത്തും സമുദ്രോപരിതല താപനില അസാധാരണമായി വർദ്ധിക്കുന്ന പ്രതിഭാസമാണിത്. ഈ താപനില വ്യതിയാനം ആഗോളതലത്തിൽ വായുസഞ്ചാരത്തെയും മഴയുടെ വിതരണത്തെയും സ്വാധീനിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എൽ നിനോ വർഷങ്ങളിൽ മഴ കുറയാനും വരൾച്ചയുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. 2002, 2009, 2015 വർഷങ്ങളിലെ രൂക്ഷമായ വരൾച്ചയ്ക്ക് കാരണം ശക്തമായ എൽ നിനോ ആയിരുന്നു.
എൽ നിനോയുടെ ഫലമായി അന്തരീക്ഷത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഇന്ത്യൻ മൺസൂണിന്റെ താളം തെറ്റിക്കുന്നു. സാധാരണഗതിയിൽ ഇൻഡൊനീഷ്യൻ ഭാഗത്ത് ഉയർന്നുപൊങ്ങേണ്ട വായു, എൽ നിനോ കാലത്ത് പസഫിക്കിന്റെ കിഴക്ക് ഭാഗത്തേക്ക് മാറുന്നു. ഇത് ദക്ഷിണേഷ്യൻ മേഖലയിൽ വായു താഴേക്ക് അമരാൻ കാരണമാവുകയും, മഴമേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വാക്കർ സർക്കുലേഷൻ എന്നറിയപ്പെടുന്ന ഈ ആഗോള വായുപ്രവാഹത്തിന്റെ മാറ്റം കേരളത്തിലെ മഴയുടെ അളവിനെയും ലഭ്യതയെയും നേരിട്ട് ബാധിക്കുന്നു.
ഭൂമധ്യരേഖയ്ക്ക് സമാന്തരമായി പസഫിക് സമുദ്രത്തിന് മുകളിലൂടെ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സംഭവിക്കുന്ന വായുസഞ്ചാരത്തെയാണ് വാക്കർ സർക്കുലേഷൻ എന്ന് വിളിക്കുന്നത്. ആഗോള കാലാവസ്ഥയെയും ഇന്ത്യൻ മൺസൂണിനെയും നിയന്ത്രിക്കുന്നതിൽ ഈ വായുപ്രവാഹം നിർണ്ണായക പങ്കുവഹിക്കുന്നു.
സാധാരണ നിലയിൽ പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് (ഇന്തോനേഷ്യൻ തീരത്തോട് ചേർന്ന്) സമുദ്രോപരിതല താപനില കൂടുതലായിരിക്കും. ഈ ചൂട് കാരണം വായു മുകളിലേക്ക് ഉയരുകയും അവിടെ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. പസഫിക്കിന്റെ കിഴക്ക് ഭാഗത്ത് (തെക്കേ അമേരിക്കൻ തീരത്ത്) വായു താഴേക്ക് അമരുകയും ചെയ്യുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങളാണ് പസഫിക്കിലെ ചൂടുവെള്ളത്തെ പടിഞ്ഞാറൻ ഭാഗത്തേക്ക് തള്ളിനീക്കുന്നത്. ഇത് പടിഞ്ഞാറ് താഴ്ന്ന വായുമർദ്ദവും കിഴക്ക് ഉയർന്ന വായുമർദ്ദവും സൃഷ്ടിക്കുന്നു. എൽ നിനോ വർഷങ്ങളിൽ വാണിജ്യവാതങ്ങൾ ദുർബലമാവുകയോ ദിശ മാറുകയോ ചെയ്യുന്നു.
ഇതിന്റെ ഫലമായി പസഫിക്കിലെ ചൂടുവെള്ളം കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയും വാക്കർ സർക്കുലേഷന്റെ മുകളിലേക്ക് ഉയരുന്ന ഭാഗം കിഴക്കോട്ട് മാറുകയും ചെയ്യുന്നു. വാക്കർ സർക്കുലേഷൻ ഇങ്ങനെ മാറുന്നത് ദക്ഷിണേഷ്യൻ മേഖലയ്ക്കും ഇന്ത്യയ്ക്കും മുകളിൽ വായു താഴേക്ക് അമരുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഈ പ്രതിഭാസം ഇന്ത്യൻ മൺസൂൺ വേഗത കുറയ്ക്കുകയും കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ കാലവർഷം കുറയാനോ വരൾച്ചയുണ്ടാകാനോ കാരണമാവുകയും ചെയ്യുന്നു.
കേരളത്തിലെ കൃഷിമേഖല എങ്ങനെ ബാധിക്കപ്പെടുന്നു
പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ വാക്കർ സർക്കുലേഷനെ സ്വാധീനിക്കുകയും അത് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലെ മഴയുടെ അളവിനെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ കാർഷിക മേഖല പ്രധാനമായും മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പകുതിയോളം കൃഷിഭൂമിയിലും ജലസേചന സൗകര്യങ്ങൾക്ക് ഉപരി, മഴയെ മാത്രം വിശ്വസിച്ചാണ് കൃഷിയിറക്കുന്നത്. കാലവർഷം വൈകുന്നത് ഖരീഫ് വിളകളുടെ വിതയ്ക്കലിനെ പ്രതികൂലമായി ബാധിക്കുന്നു. മഴയുടെ കുറവ് മണ്ണിലെ ഈർപ്പം ഇല്ലാതാക്കാനും താപനില വർദ്ധിപ്പിക്കാനും കാരണമാകുന്നു. കൃഷിയിടങ്ങളിലെ താപനില അഞ്ചുശതമാനം വരെ വർദ്ധിക്കുന്നത് ചെടികളുടെ വളർച്ചയെ മുരടിപ്പിക്കുകയും ജലനഷ്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മഴയുടെ കുറവ് മൂലം ഏറ്റവും വലിയ പ്രഹരം ഏൽക്കുന്നത് നെൽകൃഷിക്കാണ്. പാലക്കാട്, തൃശൂർ, കുട്ടനാട് തുടങ്ങിയ നെല്ലറകളിൽ വെള്ളം കെട്ടിനിൽക്കേണ്ട സമയത്ത് മഴയില്ലാതെ വരുന്നത് വലിയ പ്രതിസന്ധിയാണ്. പാലക്കാട് ജില്ലയിൽ ഇത്തവണ 54 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവാതിര ഞാറ്റുവേല അടുത്തിരിക്കേ മഴയുടെ ലഭ്യത പരക്കേ കുറഞ്ഞത് കർഷകരുടെ ആത്മവിശ്വാസത്തിനു മങ്ങലേൽപ്പിച്ചു. മഴയുടെ അഭാവം മൂലം പാടങ്ങളിൽ കളകൾ വർദ്ധിക്കുന്നതും നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നതും കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
നാണ്യവിളകളുടെ കാര്യവും വിഭിന്നമല്ല. ഏലം കൃഷി ഇത്തവണ കടുത്ത വെല്ലുവിളിയിലാണ്. ഏലം കൃഷിക്ക് അനുയോജ്യമായ മിതമായ താപനില മാറി, 29 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുന്നത് പൂക്കളും കായകളും കൊഴിഞ്ഞുപോകാൻ കാരണമാകുന്നു. കൊടുംവരൾച്ചയിൽ ഏലച്ചെടികൾ ഉണങ്ങി നശിക്കുന്ന സാഹചര്യമുണ്ടായാൽ പുതിയ ഏലച്ചെടികൾ നട്ടുപിടിപ്പിക്കാൻ കർഷകർ നിർബന്ധിതരാകും. അവയിൽ നിന്ന് വിളവ് ലഭിക്കാൻ മൂന്ന് വർഷമെടുക്കും എന്നത് കർഷകരെ വർഷങ്ങളോളം കടക്കെണിയിലാക്കുന്നു.
കുരുമുളക് കൃഷിയെ ബാധിക്കുന്ന ദ്രുതവാട്ടം എന്ന കുമിൾ രോഗം മഴയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. വരൾച്ചാ സമയത്ത് ഈ കുമിളുകൾ മണ്ണിൽ സുരക്ഷിതമായി ഇരിക്കുകയും, മഴ ലഭിക്കുമ്പോൾ അതിവേഗം പടർന്നുപിടിച്ച് ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ഹെക്ടറിലെ കുരുമുളക് വള്ളികളാണ് ഇത്തരത്തിൽ നശിച്ചുപോകുന്നത്. നാണ്യവിളകളുടെ ഉൽപ്പാദനത്തിലുണ്ടാകുന്ന 60-70 ശതമാനം വരെയുള്ള ഇടിവ് കേരളത്തിന്റെ കയറ്റുമതി മേഖലയെയും പ്രതികൂലമായി ബാധിക്കും.
തോട്ടവിളകളായ തെങ്ങ്, റബ്ബർ എന്നിവയെയും എൽ നിനോ ബാധിക്കുന്നു. അന്തരീക്ഷത്തിലെ ഈർപ്പക്കുറവ് തെങ്ങുകളിൽ ഇളനീർ പൊഴിച്ചിലിനും തേങ്ങയുടെ വലിപ്പം കുറയാനും കാരണമാകുന്നു. ഉയർന്ന താപനില റബ്ബർ മരങ്ങളിൽ നിന്ന് പാല് ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. വാഴകൃഷിയും, പ്രത്യേകിച്ച് ഏത്തവാഴ, കടുത്ത ചൂടിൽ വേഗത്തിൽ കരിഞ്ഞുപോകുന്നതായി കണ്ടുവരുന്നു. കേരളത്തിലെ ഭൂരിഭാഗം കർഷകരും ചെറുകിട-നാമമാത്ര കർഷകരായതിനാൽ ഇത്തരത്തിലുണ്ടാകുന്ന കൃഷിനാശം അവരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
ജലസ്രോതസ്സുകളുടെ ശോഷണം
ജലസ്രോതസ്സുകളുടെ ശോഷണമാണ് മറ്റൊരു പ്രധാന പ്രശ്നം. കാലവർഷം കുറയുമ്പോൾ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് താഴുന്നത് ജലസേചനത്തെയും വൈദ്യുതോൽപ്പാദനത്തെയും ഒരുപോലെ ബാധിക്കും. ഭൂഗർഭജലനിരപ്പ് താഴുന്നത് കുടിവെള്ള ക്ഷാമത്തിനും വഴിവെക്കുന്നു. ടൂറിസം മേഖലയും കൃഷിയും തമ്മിലുള്ള ജലതർക്കങ്ങൾക്ക് വരെ ഇത് കാരണമാകുന്നു.
ചെലവ് വർദ്ധിപ്പിക്കും വരുമാനം കുറയും
സാമ്പത്തികമായി നോക്കിയാൽ, എൽ നിനോ കർഷകരുടെ ചെലവ് വർദ്ധിപ്പിക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്യുന്നു. വളം, കീടനാശിനി, ജലസേചനം എന്നിവയ്ക്കായി കർഷകർക്ക് അധികം പണം മുടക്കേണ്ടി വരുന്നു. വിളവിലുണ്ടാകുന്ന കുറവ് അവരുടെ അറ്റാദായത്തെ സാരമായി ബാധിക്കുന്നു. ആഗോള വിപണിയിലെ വിലക്കയറ്റവും എൽ നിനോ മൂലമുണ്ടാകുന്ന ഉൽപ്പാദനക്കുറവും സാധാരണക്കാരുടെ നിത്യജീവിതത്തെയും ബാധിക്കുന്നു.
മാറി ചിന്തിക്കണം
ഈ പ്രതിസന്ധി മറികടക്കാൻ കൃഷിരീതികളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണം. കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്ന നെൽവിത്തുകൾ കൃഷി ചെയ്യുന്നത് മഴക്കുറവിനെ നേരിടാൻ സഹായിക്കും. തുള്ളിനന പോലുള്ള ശാസ്ത്രീയ ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കണം. തെങ്ങിൻതടങ്ങളിൽ ചകിരി കഷണങ്ങൾ നിരത്തുന്നതും പുതയിടുന്നതും മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
സാങ്കേതികവിദ്യയുടെ സഹായം ഇത്തരമൊരു കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ കർഷകർക്ക് മൊബൈൽ സന്ദേശങ്ങൾ വഴി ലഭ്യമാക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT) അധിഷ്ഠിത സെൻസറുകൾ എന്നിവ ഉപയോഗിച്ച് മണ്ണിലെ ഈർപ്പവും വളത്തിന്റെ അളവും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നെൽകൃഷിയിൽ വെള്ളം കുറച്ച് ഉപയോഗിക്കുന്ന ആൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രയിങ് രീതി നടപ്പിലാക്കുന്നത് ജലലഭ്യത കുറഞ്ഞ സാഹചര്യത്തിൽ മികച്ചതാണ്.
നെൽകൃഷിയിൽ ജലസേചനം നിയന്ത്രിക്കുന്നതിനായി ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഒരു പ്രധാന കാലാവസ്ഥാ സൗഹൃദ കൃഷിരീതിയാണ് ആൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രയിങ്. കേരളത്തിലെ പ്രധാന നെൽ ഉൽപ്പാദന മേഖലകളായ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ഈ രീതി നടപ്പിലാക്കുന്നുണ്ട്.
ഈ രീതിപ്രകാരം വയലിൽ എപ്പോഴും വെള്ളം കെട്ടിനിർത്തുന്നതിന് പകരം, മണ്ണിലെ ജലനിരപ്പ് നിരീക്ഷിക്കാൻ സുഷിരങ്ങളുള്ള ഒരു പാനി പൈപ്പ് (pani pipe) ഉപയോഗിക്കുന്നു. ജലനിരപ്പ് മണ്ണിന്റെ ഉപരിതലത്തിന് 15 സെന്റിമീറ്റർ താഴേക്ക് പോകുമ്പോൾ മാത്രമാണ് വീണ്ടും നനയ്ക്കുന്നത്. സാധാരണ രീതിയെ അപേക്ഷിച്ച് ജലസേചനത്തിനായുള്ള വെള്ളത്തിന്റെ ഉപയോഗം 27% വരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇത് പമ്പിങ് ചെലവിൽ 24% കുറവുണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മീഥെയ്ൻ ഗ്യാസിന്റെ ബഹിർഗമനം 47% വരെ കുറയ്ക്കാനും ആഗോളതാപന സാധ്യത 41% കുറയ്ക്കാനും ഈ രീതി സഹായിക്കുന്നു. ശാസ്ത്രീയമായ ഈ ജലസേചന രീതിയിലൂടെ നെല്ലിന്റെ ഉൽപ്പാദനക്ഷമതയിൽ 3% വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും, ഈ രീതി കൃത്യമായ മേൽനോട്ടമില്ലാതെ നടപ്പിലാക്കിയാൽ വിളവിൽ 33% വരെ ഇടിവുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ സെൻസർ നിരീക്ഷണവും മാനേജ്‌മെന്റും ആവശ്യമാണ്.
വേണം സർക്കാർ ഇടപ്പെടൽ
സർക്കാർ തലത്തിൽ ശക്തമായ നയപരമായ ഇടപെടലുകൾ ആവശ്യമാണ്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം. ഇപ്പോൾ പഞ്ചായത്ത് തലത്തിൽ മാത്രം ലഭ്യമായ കാലാവസ്ഥാ വിവരങ്ങൾ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുന്നത് ഇൻഷുറൻസ് ക്ലെയിമുകൾ കൃത്യമായി ലഭിക്കാൻ സഹായിക്കും. ചെറുകിട കർഷകർക്ക് പലിശ കുറഞ്ഞ വായ്പകളും, കൃഷിനാശം സംഭവിക്കുമ്പോൾ പ്രത്യേക പാക്കേജുകളും അനുവദിക്കണം.
വരൾച്ചയെ നേരിടാൻ പ്രകൃതിദത്തമായ പരിഹാരങ്ങളും പ്രധാനമാണ്. കാവുകൾ, തണ്ണീർത്തടങ്ങൾ, കുളങ്ങൾ എന്നിവ സംരക്ഷിക്കുന്നത് പ്രാദേശികമായ താപനില കുറയ്ക്കാനും ഭൂഗർഭജലനിരപ്പ് ഉയർത്താനും സഹായിക്കും. ഇടവിള കൃഷികളും അഗ്രോഫോറസ്ട്രിയും മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കുകയും വരൾച്ചാ പ്രതിരോധം നൽകുകയും ചെയ്യുന്നു. രാസവളങ്ങൾക്ക് പകരം ജൈവവളങ്ങളും പി.ജി.പി.ആർ പോലുള്ള ബാക്ടീരിയകളും ഉപയോഗിക്കുന്നത് ചെടികളുടെ വേരുകൾ കൂടുതൽ ആഴത്തിൽ വളരാൻ സഹായിക്കും. കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കണം. കൃഷി ലാഭകരമല്ലാത്ത സാഹചര്യം മാറ്റി, ഉൽപ്പന്നങ്ങൾക്ക് തറവില നിശ്ചയിക്കാനും വിപണന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സാധിക്കണം.
മൺസൂണിന്റെ കുറവും എൽ നിനോയുടെ വെല്ലുവിളിയും നമ്മെ പഠിപ്പിക്കുന്നത് കൃഷിയിൽ പുതിയൊരു സംസ്കാരം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയാണ്. പരമ്പരാഗത അറിവുകളെയും ആധുനിക സാങ്കേതികവിദ്യയെയും കൂട്ടിയിണക്കിക്കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞ ഈ കാലത്ത്, അതിനോട് പൊരുത്തപ്പെടാനുള്ള കരുത്ത് നമ്മുടെ കാർഷിക മേഖലയ്ക്ക് കൈവരേണ്ടതുണ്ട്.
എൽ നിനോ കേരളത്തിന്റെ കൃഷിയിടങ്ങളിൽ വിതയ്ക്കുന്നത് ആശങ്കകളാണെങ്കിലും, ശാസ്ത്രീയമായ സമീപനത്തിലൂടെയും സർക്കാരിന്റെയും കർഷകരുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയും ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കാൻ സാധിക്കും. സുസ്ഥിരമായ കാർഷിക രീതികളും കരുത്തുറ്റ ഇൻഷുറൻസ് സംവിധാനങ്ങളും നവീന സാങ്കേതികവിദ്യയും ചേരുന്ന ഒരു സുരക്ഷാ കവചം കർഷകർക്കായി ഒരുക്കേണ്ടതുണ്ട്. ഓരോ കർഷകനും ഒരു ‘കാലാവസ്ഥാ പോരാളിയായി’ മാറുന്ന നാളെയാണ് നമുക്ക് വേണ്ടത്.






































































































