മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടു; നവീകരിച്ച റോഡിൽ ടാറിങ്ങിന് അടിയിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്ന അവസ്ഥയ്ക്ക് ഒടുവിൽ പരിഹാരം
ഇരട്ടയാർ ∙ അടുത്തിടെ നവീകരിച്ച റോഡിൽ ടാറിങ്ങിന് അടിയിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്ന അവസ്ഥയ്ക്ക് ഒടുവിൽ പരിഹാരം. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമാക്കിയതോടെയാണ് ഇവിടം പൊളിച്ച് അറ്റകുറ്റപ്പണി നടത്താൻ നടപടി ഉണ്ടായത്. ഇരട്ടയാർ-തങ്കമണി റോഡിൽ സാംസ്കാരിക നിലയത്തിനു സമീപമാണ് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നത്.
ഈ റോഡ് അടുത്തിടെ നവീകരിച്ചശേഷമാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയത്. ഇതുമൂലം ടാറിങ് തകരാൻ കാരണമാകുന്ന സ്ഥിതിയും ഉണ്ടായതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണമെന്നതിനാൽ ജോലികൾ വൈകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി ഇക്കാര്യം മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് അനുമതി ലഭ്യമാക്കി പണികൾ നടത്തിയത്.