കുരുമുളകിന് ഇനി നല്ല കാലം, റബർ വിലയിൽ ഉയർച്ച

കാലവർഷം അനുകൂലമായതോടെ അടുത്ത സീസണിൽ കുരുമുളക് ഉൽപാദനം മെച്ചപ്പെടാനുള്ള സാധ്യതകൾക്ക് തെളിയുന്നു. ഹൈറേഞ്ചിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും മൺസൂൺ ആദ്യ രണ്ടാഴ്ച്ചകൾ പിന്നിടുമ്പോൾ കുരുമുളക് വള്ളികൾ വരൾച്ചയിൽ നിന്നും മുക്തിനേടുന്നതായാണ് ഉൽപാദന മേഖലകളിൽ നിന്നുള്ള സൂചന. പകൽ താപനില ഉയരാതെ ഇതേ നില തുടർന്നാൽ പുതിയ സീസണിൽ വിളവ് ഉയരാം. അതേ സമയം എൽ നിനോ കാലാവസ്ഥ പ്രതിഭാസം ഉയർന്ന താപനിലയ്ക്ക് കാരണമായാൽ സ്ഥിതിഗതികളിൽ മാറ്റത്തിന് ഇടയുണ്ട്. കാർഷിക മേഖലകളിൽ കരുതൽ ശേഖരം കുറവായതിനാൽ ടെർമിനൽ മാർക്കറ്റിൽ ചരക്ക് വരവ് ചുരുങ്ങിയത് അന്തർസംസ്ഥാന വാങ്ങലുകാരിൽ പിരിമുറുക്കം ഉളവാക്കുന്നുണ്ട്. ഇതിനിടയിൽ കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില കിലോ രണ്ട് രൂപ കുറഞ്ഞ് 694 രൂപയായി.
ആഗോള റബർ അവധി വ്യാപാര രംഗത്ത് കഴിഞ്ഞ വാരം നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചെങ്കിലും ഇന്ന് തുടക്കത്തിൽ അവർ വിപണിയോട് കുടുതൽ താൽപര്യം കാണിച്ചു. ജപ്പാനിൽ റബർ വില കിലോ 428 യെന്നിൽ നിന്നും പതിനഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 437 യെന്നിലേയ്ക്ക് പ്രവേശിച്ചു. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 273 രൂപയിൽ നിന്നും 277 ലേയ്ക്ക് കയറി. അതേ സമയം മികച്ച കാലാവസ്ഥയിൽ ടാപ്പിങ് പുരോഗമിക്കുന്നതിനാൽ മാസാവസാനതോടെ ചരക്ക് വരവ് ഉയരുമെന്ന സൂചനയാണ് വിപണി വൃത്തങ്ങളിൽ നിന്നും ലഭ്യമാവുന്നത്.





































































































