മുട്ടത്തോട് കളയണ്ട; പച്ചക്കറികൾക്ക് ഇതൊരു ഒന്നാന്തരം ‘സൂപ്പർ ടോണിക്’

മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും വിഷരഹിത പച്ചക്കറികൾ വിളയിക്കാനും സഹായിക്കുന്ന ഒന്നാന്തരം ‘ടോണിക്കായി’ മുട്ടത്തോടിനെ ഉപയോഗപ്പെടുത്താം. കാൽസ്യം കാർബണേറ്റാണ് മുട്ടത്തോടിലെ പ്രധാനഘടകം. കാൽസ്യത്തിനു പുറമേ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമുണ്ട്. ചെടികളുടെ കോശഭിത്തികൾക്ക് കരുത്തുനൽകുന്നത് കാൽസ്യമാണ്. ഇത് ചെടികൾക്ക് നല്ല ആരോഗ്യവും മൊത്തത്തിലുള്ള ഘടനയും ബലപ്പെടുത്തുന്നു. പുതിയ വേരുകൾ ഉണ്ടാകാനും അവ മണ്ണിലേക്ക് നന്നായി പടരാനും കാൽസ്യം സഹായിക്കും മണ്ണിൽ മുട്ടത്തോട് പൊടിച്ചുചേർക്കുന്നത് മണ്ണിന്റെ അമ്ലരസം കുറയ്ക്കാനും സസ്യജീവിതത്തിന് പര്യാപ്തമായ മാധ്യമമാക്കിത്തീർക്കാനും സഹായിക്കും. മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഇലകൾക്ക് നല്ല പച്ചനിറം നൽകുന്ന ഹരിതകം നിർമിക്കാൻ സഹായിക്കുന്നു. ചെടിയുടെ ആഹാരനിർമാണ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഫോസ്ഫറസ് വേരുകളുടെ വികാസത്തിനും പൊട്ടാസ്യം ചെടികളുടെ ആരോഗ്യവും രോഗപ്രതിരോധവും നൽകുന്നു
ഉപയോഗരീതി
മുട്ടത്തോട് വെള്ളത്തിൽ കഴുകി അതിനുള്ളിലുള്ള ദ്രാവകവും പാടയും നീക്കണം. തുടർന്ന് വെയിലത്തിട്ട് ഉണക്കാം. വളമാക്കാൻ ഇത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചു സൂക്ഷിക്കാം. മുട്ടത്തോട് വിവിധരീതികളിൽ ഉപയോഗിക്കുന്നത് കാര്യക്ഷമത കൂട്ടാൻ ഉപകരിക്കും.
പൊടിരൂപം
മുട്ടത്തോട് കഴുകി ഉണക്കിയെടുത്ത് മിക്സിയിലോ മറ്റോയിട്ട് നന്നായി പൊടിച്ചെടുക്കണം. ചെടിയുടെ ചുവട്ടിൽ മണ്ണ് അല്പം മാറ്റി ഈ പൊടി വിതറാം. ചെടികൾ നടുന്ന സമയത്തോ അല്ലെങ്കിൽ വളരുന്ന ഘട്ടത്തിലോ ചുവട്ടിൽ ചേർത്ത് മണ്ണുമായി ഇളക്കിക്കൊടുക്കാം.
മുട്ടത്തോട് -മോര് വളം
ഒരു പാത്രത്തിൽ മുട്ടത്തോട് പൗഡർ എടുത്ത് അതിലേക്ക് അല്പം പുളിച്ച മോര് ഒഴിക്കുക. മൂന്ന് ദിവസത്തിനുശേഷം ഇതിൽ പത്തിരട്ടി വെള്ളംചേർത്ത് നേർപ്പിക്കണം. ഈ ലായനി ചെടികളുടെ ചുവട്ടിൽനിന്ന് അല്പം അകലെയായി ഒഴിച്ചുകൊടുക്കാം.
മുട്ടത്തോട് ചായ
ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്ന ലിക്വിഡ് വളമാണിത്. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് കഴുകി വൃത്തിയാക്കിയ മുട്ടത്തോടുകളിട്ട് പത്ത് മിനിറ്റ് തിളപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വെച്ചശേഷം അരിച്ചെടുത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.
കമ്പോസ്റ്റ് നിർമിതിക്കൊപ്പം
വീട്ടിൽ കമ്പോസ്റ്റ് നിർമിക്കുമ്പോൾ അതിലേക്ക് മുട്ടത്തോട് ചേർക്കുന്നത് വളത്തിന്റെ പോഷകനിലവാരം വർധിപ്പിക്കും. മുട്ടത്തോട് മുഴുവനായി ഇടുന്നതിനെക്കാൾ കൈകൊണ്ട് ഉടച്ചുചേർക്കുന്നത് വേഗം ദ്രവിക്കാൻ സഹായിക്കും.
വിനാഗിരിലായനി
വറുത്തെടുത്ത മുട്ടത്തോട് പൊടിച്ചതും വിനാഗിരിയും മിക്സ് ചെയ്യുക. ഇത് ആഴ്ചകളോളം വെച്ചശേഷം ഒരു ലിറ്റർ വെള്ളത്തിന് 10 മില്ലി എന്നതോതിൽ ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്യാം. മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതും നല്ല ഫലംചെയ്യും.
ഒച്ചിനെ അകറ്റാൻ
മുട്ടത്തോട് ചെറു കഷണങ്ങളാക്കി ചെടിയുടെ ചുവട്ടിൽ വിതറുന്നത് ഒച്ചുകളെയും ഇഴജന്തുക്കളെയും അകറ്റാൻ സഹായിക്കും.
ചെറുവിത്ത് മുളപ്പിക്കാൻ
മുട്ടത്തോടിന്റെ പകുതിഭാഗത്ത് മണ്ണുനിറച്ച് വിത്തുകൾ നട്ടുമുളപ്പിക്കാം. പിന്നീട് മുട്ടത്തോടോടുകൂടിത്തന്നെ മണ്ണിലേക്ക് നടാം.





































































































