കേരളത്തിൽ മാറ്റമില്ലാതെ എണ്ണ വില, റബർ വിലയിൽ ഉയർച്ച

തായ്‌ലാൻഡിൽ റബർ വില ഉയർന്നതോടെ ഇറക്കുമതിക്കാർ പുതിയ കച്ചവടങ്ങൾക്ക് നീക്കം നടത്തി. നേരത്തെ വില ഇടിവ് പ്രതീക്ഷിച്ച ചരക്ക് സംഭരണത്തിൽ നിന്നും വിട്ടുനിന്ന ചൈനീസ് വ്യവസായികൾ റെഡി ‐ അവധി വിപണികളിൽ ഇന്ന് ഉത്സാഹം കാണിച്ചു. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 302 രൂപയിലേയ്‌ക്ക് കയറി. വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകളെ തുടർന്ന് കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില കിലോ മൂന്ന് രൂപ കയറി 273 രൂപയിലും അഞ്ചാം ഗ്രേഡ് 269 രൂപയിലും വ്യാപാരം നടന്നു. വിലക്കയറ്റത്തിനിടയിൽ കാലാവസ്ഥ അനുകൂലമായത് അവസരമാക്കി ഒട്ടുമിക്ക ഭാഗങ്ങളിലും ചെറുകിട കർഷകർ ടാപ്പിങിന് നീക്കം നടത്തുന്നത് അടുത്ത രണ്ടാഴ്‌ച്ചകളിൽ പുതിയ ചരക്ക് വരവിന് അവസരം ഒരുക്കാം.
ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചരക്ക് സംഭരിക്കാൻ മത്സരിച്ചു. മൊത്തം 51,575 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 48,224 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങൾ കിലോ 3330 രൂപയിലും ശരാശരി ഇനങ്ങൾ 2670 രൂപയിലും ലേലം നടന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ജൂലൈയിൽ പുതിയ ചരക്ക് കൂടുതലായി വിൽപ്പനയ്‌ക്ക് ഒരുക്കാനാവുമെന്ന നിഗമനത്തിലാണ് തോട്ടം മേഖല.
പച്ചതേങ്ങയും കൊപ്രയും വിൽപ്പനയ്‌ക്ക് ഇറക്കുന്നതിൽ തമിഴ്‌നാട്ടിലെ വൻകിട തോട്ടങ്ങൾ വരുത്തിയ നിയന്ത്രണം വിലക്കയറ്റത്തിന് വഴി ഒരുക്കി. കഴിഞ്ഞ പല ദിവസങ്ങളിലും മില്ലുകാർ കൊപ്ര സംഭരണത്തിൽ നിലനിർത്തിയ തണുപ്പൻ മനോഭാവം വിലയെ കാര്യമായി ബാധിച്ചതാണ് ചരക്ക് പിടിക്കാൻ കാർഷിക മേലയെ പ്രേരിപ്പിച്ചത്. തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 325 രൂപ വർദ്ധിച്ച് 18,175 രൂപയായി. കേരളത്തിൽ എണ്ണ വിലയിൽ മാറ്റമില്ല.






























































































































