നിപ,കോവിഡ് മരുന്നുകൾക്ക് ക്ഷാമം; റെംഡിസീവർ മരുന്ന് സ്റ്റോക്കില്ല

സംസ്ഥാനത്ത് നിപ-കോവിഡ് മരുന്നുകൾക്ക് ക്ഷാമം. റെംഡിസീവർ മരുന്ന് സ്റ്റോക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. മരുന്ന് ഇന്നോ നാളെയോ എത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ക്ഷാമം ഇല്ലെന്നും മരുന്ന് ഇന്ന് എത്തുമെന്നും ആണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്നലെ അറിയിച്ചത്. എബോളയ്ക്ക് അടക്കം ജാഗ്രത നിർദേശം ഉള്ള സാഹചര്യത്തിലാണ് കൂടുതൽ സ്റ്റോക്ക് സൂക്ഷിക്കാത്തതിൽ വിമർശനം ഉയർന്നിരിക്കുന്നത്. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശി വെൻ്റിലേറ്ററിൽ തുടരുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന 43 കാരന് നിപക്കൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില മോശമാകാൻ കാരണം. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 77 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ട് പേർ ഹൈയെസ്റ്റ് റിസ്ക്കിലും 13 പേർ ഹൈറിസ്ക്ക് കാറ്റഗറിയിലുമാണ്. ഇവരെ സെൽഫ് ക്വാറന്‍റൈനിലേക്ക് മാറ്റി. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല.































































































































