മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ല; അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് ചിലർ സമൂഹമാധ്യമങ്ങളിൽ തെറ്റായതും അനാവശ്യ ഭീതിപരത്തുന്നതുമായ പോസ്റ്റുകളിടുന്നുണ്ടെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ മഴക്കെടുതികളെ സംബന്ധിച്ചു എം.എം.മണിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ അണക്കെട്ടിനു അപകടം ഒന്നുമില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തുരങ്കം വഴി തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം തുറന്നുവിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും കേരള സർക്കാരിലെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഉണ്ണിമുകുന്ദൻ, പൃഥിരാജ് തുടങ്ങിയവരാണ് പോസ്റ്റിട്ടത്. ഡീകമ്മിഷൻ മുല്ലപ്പെരിയാർ ഡാം എന്ന ഹാഷ് ടാഗോടെയാണു പോസ്റ്റുകൾ. പോസ്റ്റുകൾക്കു വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. കമന്റുകളിൽ ഏറെയും ഈ അഭിപ്രായം ശരിവച്ചും നിലപാടിന് അഭിനന്ദനം അറിയിച്ചും ഉള്ളവയാണ്.
‘ദുരന്ത ലഘൂകരണത്തിനായി 3.8 ലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകർ’
സാമൂഹിക അധിഷ്ഠിത ദുരന്ത ലഘൂകരണത്തിനായി 3.8 ലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരെ വിവിധ പരിശീലനങ്ങള്‍ നല്‍കി സജ്ജരാക്കിയിട്ടുണ്ടെന്ന് മുഖ്യന്ത്രി തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു പറഞ്ഞു. ഇതിനുപുറമെ അഗ്നിശമനസേനയുമായി ചേര്‍ന്ന് സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി 129 ഫയര്‍ സ്റ്റേഷനുകളിലായി 6,450 പേര്‍ അടങ്ങുന്ന 50 സിവില്‍ ഡിഫന്‍സ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്.
തീരദേശത്ത് വേലിയേറ്റ രേഖയില്‍നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനു ഫിഷറീസ് വകുപ്പ് മുഖാന്തിരം ‘പുനര്‍ഗേഹം’ പദ്ധതി നടപ്പാക്കിവരുന്നു.
വേമ്പനാട്ട് കായല്‍ മുതല്‍ മണികണ്ഠനാറു വരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടിയിട്ടുണ്ട്. വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ‘റൂം ഫോര്‍ വേമ്പനാട്’ ഉള്‍പ്പെടെയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഡാമിലെ ജലം എത്തുന്ന പ്രദേശങ്ങളില്‍ മഴ വരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പരിഗണിച്ച് ജലം തുറന്നുവിടുന്നതിനുള്ള നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan on Mullaperiyar Dam Social Media Campaign