San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വീടിനെ പൂങ്കാവനമാക്കാം; കേരളത്തിലെ കാലാവസ്ഥയിൽ വളരുന്ന 5 വ്യത്യസ്ത പൂച്ചെടികൾ!



നമ്മുടെ കാലാവസ്ഥയിൽ വളരുമോ പൂവിടുമോ എന്നൊക്കെ അന്വേഷിച്ച് ഉറപ്പാക്കിയിട്ടു വേണം പുതിയ പൂച്ചെടികള്‍ വാങ്ങാന്‍. വിപണിയിലെത്തുന്ന പുതിയ പൂച്ചെടികളെ മലയാളികള്‍ എന്നും ആവേശത്തോടെയാണ് വരവേല്‍ക്കുക. ഈ ഭ്രമം മുതലെടുക്കാന്‍ പല നഴ്സറികളും സമൂഹമാധ്യമ വേദികളും വഴിയോര കച്ചവടക്കാരുമൊക്കെ രംഗത്തുണ്ട്. ഫലമോ, പുതിയ ഇനം നമ്മുടെ കാലാവസ്ഥയിൽ വളരുമോ പൂവിടുമോ എന്നൊന്നും അറിയാന്‍ മെനക്കെടാതെ പലരും വാങ്ങും. 2-3 ആഴ്ച പൂക്കളുടെ വർണക്കാഴ്ച ഒരുക്കിയശേഷം പടക്കം പൊട്ടിത്തീരുന്നതുപോലെ ചെടി അപ്പാടെ നശിച്ചുപോകും. ഇന്ന് യുട്യൂബിൽ വരുന്ന വിഡിയോകളിൽ വാഴ്ത്തപ്പെടുന്ന പുതിയ തരം ചെടികളിൽ പലതും നമ്മുടെ കാലാവസ്ഥയ്ക്കു ചേര്‍ന്നവയല്ലെന്ന് അനുഭവസ്ഥരുടെ സാക്ഷ്യം. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചില നൂതന ഇനങ്ങളെ പരിചയപ്പെടാം.

ബോട്ടിൽ ബ്രഷ്- ലിറ്റിൽ ജോൺ

സ്ഥലസൗകര്യം കുറവെങ്കില്‍ ചട്ടിയിൽ വളർത്താന്‍ യോജ്യമായതും ഏറെ ഉയരം വയ്ക്കാത്തതുമായ കുഞ്ഞൻ ഇനം ‘ലിറ്റൽ ജോൺ’ വിപണിയിൽ ലഭ്യമാണ്. 2-3 അടി മാത്രം ഉയരം വയ്ക്കുന്ന ഈ ചെടി നിറയെ ശാഖകളുമായി ആകർഷകമായ ആകൃതിയിൽ വളർന്നു വരും.പരമ്പരാഗത ബോട്ടിൽ ബ്രഷ് മരത്തിൽനിന്നു വ്യത്യസ്തമായി ഇതിന്റെ കമ്പുകൾ വശങ്ങളിലേക്കു ചാഞ്ഞുനിൽക്കാതെ കുത്തനെ നിവർന്നു വളരുന്നു. കമ്പുകളുടെ അഗ്രത്തിലാണ് പൂങ്കുലകൾ ബോട്ടിൽ ബ്രഷ് പോലെ ഉണ്ടായിവരിക. നിറയെയുള്ള കേസരങ്ങൾ പൂക്കൾക്കു ചുവപ്പുനിറം നൽകുന്നു. നമ്മുടെ കാലാവസ്ഥയിൽ ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് ഈ ചെടിയിൽ പൂക്കളുടെ സമൃദ്ധി.

മഞ്ഞപ്പൂവുള്ള നിശാറാണി


കുഴലാകൃതിയിൽ മഞ്ഞപ്പൂക്കളുമായി നിശാറാണിയുടെ പുതിയ സങ്കരയിനം. ശാഖാഗ്രങ്ങളിൽ കുലമറിഞ്ഞുണ്ടാകുന്ന നേർത്ത സുഗന്ധമുള്ള പൂക്കൾ മറ്റ് നിശാറാണി ഇനങ്ങളെപ്പോലെ രാത്രിയിലാണു വിരിയുക. കമ്പു നട്ടുണ്ടാക്കുന്ന തൈകൾ വേഗത്തിൽ വളർന്നു പുഷ്പിക്കും. മഴക്കാലം തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള കാലാവസ്ഥയാണ് കമ്പു നട്ടുപിടിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം. നല്ല വെയിൽ കിട്ടുന്നിടത്ത് വലിയ ചട്ടിയിലും നിലത്തും ഒരുപോലെ വളർത്താവുന്ന ഈ പൂച്ചെടിയുടെ, വലിയ ബലമില്ലാത്ത കമ്പുകൾ വശങ്ങളിലേക്കു ചാഞ്ഞു വളരുന്നു. ഇളം കമ്പുകളിലാണ് പൂങ്കുലകൾ ഉണ്ടായിവരിക എന്നതിനാല്‍ ആവശ്യാനുസരണം കമ്പു കോതി നിർത്തുന്നത് ചെടി നന്നായി പുഷ്പിക്കാൻ വഴിയൊരുക്കും.

കോഞ്ചിയ (CONGEA)

സാൻഡ് പേപ്പർ വൈൻ (പെട്രിയ) ചെടിയെന്നു തെറ്റിദ്ധരിക്കപ്പെടുന്ന കോഞ്ചിയ തികച്ചും മറ്റൊരു ജനുസ്സിൽപെട്ട പൂച്ചെടിയാണ്. പെട്രിയയുടെ നീല അല്ലെങ്കിൽ വെള്ളപ്പൂക്കളിൽ നിന്നു വ്യത്യസ്തമായി കടും പിങ്ക് നിറത്തിൽ നേർത്ത ഇതളുകളുള്ള പൂക്കളുണ്ടാകുന്ന ഈ വള്ളിയിനത്തിന് ഒറ്റ നോട്ടത്തിൽ സാൻഡ് പേപ്പർ വൈനുമായി നല്ല സാമ്യമുണ്ട്. എന്നാല്‍, പൂന്തണ്ടില്‍ പൂക്കൾ അകലത്തിലാണു കാണപ്പെടുക. പൂങ്കുലകൾ വശങ്ങളിലേക്ക് ഞാന്നു വളരുന്നു. നന്നായി വളർന്ന ചെടിയിൽ ഒരേസമയം ആയിരക്കണക്കിന് പൂക്കൾ ഉണ്ടായി വരും. അനുകൂല കാലാവസ്ഥയിൽ പൂക്കൾ ഒരു മാസത്തോളം കൊഴിയാതെ നിൽക്കും. ഇതിന്റെ ഇലകൾക്ക് വലിയ വലുപ്പമില്ല, നല്ല കട്ടിയുണ്ട്. എന്നാൽ, പ്രതലം സാൻഡ് പേപ്പർ വൈനിന്റേതുപോലെ അത്ര പരുപരുത്തതല്ല. കമ്പു മുറിച്ചു നട്ടുവളർത്തിയെടുക്കുന്ന ഈ ചെടിയുടെ പൂക്കാലം നമ്മുടെ നാട്ടിൽ ജനുവരി- ഏപ്രിൽ ആണ്.

ചൈനീസ് ലാൻടേൺ ചെടിയുടെ വള്ളിയിനം

ഞാന്നുകിടക്കുന്ന മണിയുടെ ആകൃതിയിലുള്ള പൂക്കളുമായി ചെമ്പരത്തിയുടെ കുടുംബത്തിലെ ചൈനീസ് ലാൻടേൺ ചെടി (അബൂട്ടിലോൺ) നമുക്കു സുപരിചിതമാണ്. ഈ ചെടിയുടെ വള്ളിയിനമായ ‘ട്രെയ്‌ലിങ് അബൂട്ടിലോൺ’ പൂന്തോട്ടങ്ങളിൽ ഇപ്പോള്‍ ഇടം പിടിച്ചുവരുന്നു. ദൂരെനിന്നു നോക്കിയാൽ ഇതിന്റെ പൂക്കൾക്ക് മുളകുചെമ്പരത്തിയുടെ ചുവപ്പ് നിറത്തിലുള്ള പൂക്കളുമായി നല്ല സാമ്യമുണ്ട്. എന്നാൽ മുളകുചെമ്പരത്തിപ്പൂവിന്റെ അത്ര വലുപ്പമില്ല. പൂവിന്റെ തുമ്പിലുള്ള വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ഇതളുകൾ വേറിട്ട ഭംഗി നൽകുന്നു. ചുവപ്പു നിറത്തിൽ ചെറിയ വിളക്ക് തൂക്കിയിട്ടതുപോലുള്ള പൂക്കൾ എന്നും ചെടിയിൽ കാണാം. അത്രയ്ക്കു ബലമില്ലാത്ത കമ്പുകളുമായി ഈ ചെടി വളർന്നു വരുമ്പോൾ വള്ളിപ്പുഷ്പിണിയായി മാറുന്നു. നന്നായി വളർന്നു കഴിഞ്ഞാൽ ശാഖകൾ താങ്ങു നൽകി നിവർത്തി നിർത്തണം. ട്രെല്ലീസിൽ പടർത്തിക്കയറ്റാൻ പറ്റിയതാണ്. നമ്മുടെ നാട്ടിൽ കടുത്ത മഴക്കാലത്ത് ഇത് നേരിയ രീതിൽ ഇല പൊഴിക്കുന്നു.

മങ്കി ബ്രഷ് വൈൻ

തെക്കേ അമേരിക്കൻ സ്വദേശിയും കോംബ്രിട്ടം ജനുസ്സിൽപെട്ടതുമായ ഈ പൂച്ചെടിയുടെ കമ്പുകളുടെ അഗ്രങ്ങളിൽ ടൂത്ത് ബ്രഷ് പോലുള്ള ചുവപ്പും ഓറഞ്ചും ഇടകലർന്ന പൂങ്കുല കാണാൻ അതിമനോഹരം. വശങ്ങളിലേക്കു ചാഞ്ഞു വളരുന്ന പ്രധാന കമ്പുകളിൽ ഉണ്ടായിവരുന്ന പുതിയ ശാഖകളിലാണ് പൂങ്കുല വിടരുക. ചുവന്ന, നീളമുള്ള കേസരങ്ങള്‍ പൂക്കളെ ഏറെ ആകർഷകമാക്കുന്നു. കമ്പു മുറിച്ചുനട്ട് വളർത്തിയെടുക്കുന്ന ഈ ചെടി നന്നായി പുഷ്പിക്കാൻ 4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലത്തു വളര്‍ത്തണം. നമ്മുടെ നാട്ടിൽ കടുത്ത മഴക്കാലമൊഴികെയുള്ള കാലാവസ്ഥയിൽ പലയാവൃത്തി പുഷ്പിക്കുന്നു. പൂവില്ലാക്കാലത്ത് കമ്പു കോതി പുതിയ തളിർപ്പുകൾ ഉണ്ടാകാന്‍ വഴിയൊരുക്കണം. ഇതിന്റെ പൂക്കളില്‍ നല്ല തോതില്‍ തേനുള്ളതിനാല്‍ പൂക്കാലമാകുന്നതോടെ അതു നുകരാനായി തേനീച്ചയും പൂമ്പാറ്റയും തേൻകുരുവിയുമൊക്കെ കൂട്ടമായി വരുന്നതു കാണാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!