പുതുകൃഷിക്ക് താത്പര്യം; റബ്ബർ തൈകൾക്ക് വൻ ഡിമാൻഡ്; നഴ്സറികളിൽ മുൻകൂർ ബുക്കിങ്

റബ്ബറിൻ്റെ വിലക്കയറ്റം തൈകളിലും പ്രതിഫലിക്കാൻ തുടങ്ങി. കപ്പ് തൈയ്ക്ക് 110-ൽനിന്ന് 120-125-ലേക്കും കൂടത്തൈയ്ക്ക് 100-ൽനിന്ന് 120-ലേക്കും വില ഉയർന്നു. ഗുണനിലവാരമുള്ള തൈ കിട്ടാനും പ്രയാസം.
റബ്ബർ വില കിലോഗ്രാമിന് 250 രൂപ കടന്നതാണ് പുതു, ആവർത്തന കൃഷിക്ക് ആവേശമാകുന്നത്. കടുംവെട്ടിനുപോലും കൊടുക്കാതെ കിടന്ന തോട്ടങ്ങളും പുതുകൃഷിക്ക് താത്പര്യമില്ലാതെ വെറുതേ ഇട്ടിരുന്ന പറമ്പുകളും മടങ്ങിവരവിന് ഒരുങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നതായി വടക്കേൽ റബ്ബർ നഴ്സറി ഗ്രൂപ്പ് എം.ഡി. രാജു വടക്കേൽ പറഞ്ഞു. നാലുലക്ഷം തൈകളാണ് ഇവർ ഇപ്പോൾ വിൽപ്പനയ്ക്ക് സജ്ജമാക്കിയത്. ഇതുമുഴുവൻ ആവശ്യക്കാർ മുൻകൂർ ബുക്ക് ചെയ്തുകഴിഞ്ഞതാണ്
ആവശ്യകത മാനിച്ച് കുറേ തൈകൾകൂടി സജ്ജമാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇനി കുരു എത്തിച്ച് തയ്യാറാക്കുന്ന തൈകൾ ബഡ്ഡിങ് കഴിഞ്ഞ് കൂടയിലാകാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. റബ്ബർ കുരുവിന് വലിയ ക്ഷാമമാണ് പോയവർഷം നേരിട്ടത്. മാർത്താണ്ഡം കുരു കൂടാതെ അസമിൽനിന്നും കുരു എത്തിച്ചാണ് തൈകൾ തയ്യാറാക്കിയത്. കിലോഗ്രാമിന് 300 രൂപ വരെ വില വന്നിരുന്നു.
സമ്മിശ്രകൃഷിരീതി ഇപ്പോൾ കർഷകർ സ്വീകരിച്ചുവരുന്നതായി തുളുമ്പൻമാക്കൽ നഴ്സറി ഗ്രൂപ്പ് എം.ഡി. ജോസ്കുട്ടി ആൻ്റണി പറയുന്നു. റബ്ബറിനൊപ്പം കാപ്പി, കമുക് എന്നിവകൂടി ഇടവിളയായി ചെയ്യുന്നത് കൂടിവരുന്നുണ്ട്. ഏകവിളയെ ആശ്രയിക്കുന്നതിൻ്റെ അപകടം ഇല്ലാതാകുകയും ചെയ്യും. ഇതും റബ്ബർതൈ വിൽപ്പനയെ മെച്ചപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പുതിയ കൃഷിചെയ്യുന്ന റബ്ബർകർഷകർക്ക് റബ്ബർ ബോർഡിന്റെ സബ്സിഡിക്കൊപ്പം കൃഷിവകുപ്പിൻ്റെ കേരപദ്ധതിപ്രകാരമുള്ള സഹായം കിട്ടുന്നതും മെച്ചമാണ്. പുതുകൃഷിക്കും ആവർത്തന കൃഷിക്കും ഹെക്ടറിന് 40,000 രൂപയാണ് റബ്ബർ ബോർഡ് നൽകുന്നത്. കേരപദ്ധതിയനുസരിച്ച് ഒരു ഹെക്ടറിന് 75,000 രൂപയാണ് കർഷകന് കിട്ടുക. 5.50 ലക്ഷം ഹെക്ടറിലാണ് കേരളത്തിൽ റബ്ബർകൃഷിയുള്ളത്.































































































































