വീണ്ടും ഇടിവ്: വെളിച്ചെണ്ണയ്ക്ക് 300 രൂപ കുറഞ്ഞു, ആശ്വാസമായി ഏലം;

നാളികേര മേഖല രക്ഷകനെ തേടുന്നു, വെളിച്ചെണ്ണയ്‌ക്കും കൊപ്രയ്‌ക്കും തുടർച്ചയായ ദിവസങ്ങളിൽ നേരിട്ട വില ഇടിവ് പച്ചതേങ്ങയ്‌ക്ക് ഡിമാൻറ് കുറച്ചു. കാർഷിക മേഖല കൈവശമുള്ള തേങ്ങ വിറ്റുമാറാൻ ശ്രമം നടത്തുന്നുണ്ടങ്കിലും വാങ്ങലുകാരുടെ അഭാവം പല അവസരത്തിലും തിരിച്ചടിയായി. തമിഴ്‌നാട്ടിൽ പച്ചതേങ്ങ കിലോ 36 രൂപ വരെ താഴ്‌ന്നു. വൻകിട മില്ലുകാർ കൊപ്രയ്‌ക്ക് 12,000 രൂപ മാത്രമാണ് ഇന്ന് വാഗ്‌ദാനം ചെയ്‌തത്. എന്നാൽ ഈ വിലയ്‌ക്കും കാര്യമായ അളവിൽ ചരക്ക് ശേഖരിക്കാൻ അവർ തയ്യാറായില്ല. കൊച്ചിയിൽ കൊപ്രയ്‌ക്ക് 200 രൂപ ഇടിഞ്ഞ് ക്വിന്റലിന് 13,000 രൂപയായി. വെളിച്ചെണ്ണയ്‌ക്ക് 300 രൂപ താഴ്‌ന്ന് 22,400 ലാണ് വ്യാപാരം നടന്നത്. നാല് ദിവസത്തിനിടയിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 1200 രൂപ ഇടിഞ്ഞു.
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് വില കൃത്രിമായി ഇടിച്ചതോടെ ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകരും മദ്ധ്യവർത്തികളും നാടൻ ചരക്ക് വിൽപ്പനയിൽ നിന്നും പിൻവലിഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. ഉത്തരേന്ത്യൻ വ്യവസായികൾക്ക് മുന്നിലുള്ള നാല് മാസങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് ആവശ്യമുണ്ടങ്കിലും ഏതാനും ദിവസങ്ങളിൽ അവർ ഉൽപ്പന്ന വില അമിതമായി ഇടിച്ചതാണ് കാർഷിക മേഖല മുളക് നീക്കം നിയന്ത്രിക്കാൻ പ്രേരിപ്പിച്ചത്, ഇത് അനുകൂല തരംഗത്തിന് അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ് ഉൽപാദകർ. അൺ ഗാർബിൾഡ് കുരുമുളക് വില കിലോ 695 രൂപയിൽ വ്യാപാരം നടന്നു.
നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തിൽ അരലക്ഷം കിലോയ്‌ക്ക് മുകളിൽ ചരക്ക് വിൽപ്പനയ്‌ക്ക് ഇറങ്ങി. ഉത്തരേന്ത്യൻ വ്യവസായികളും കയറ്റുമതിക്കാരും ചരക്ക് സംഭരണ രംഗത്ത് നിറഞ്ഞു നിന്നതിനാൽ വിൽപ്പനയ്‌ക്ക് എത്തിയ ഏലക്കയിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2508 രൂപയിലും മികച്ചയിനങ്ങൾ 3174 രൂപയിലും കൈമാറി. മൊത്തം 51,480 കിലോ ഏലക്ക ലേലം കൊണ്ടു.
























































































































