നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടിയിലെത്തി
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136 അടിയായതായി തമിഴ്നാടിന്റെ ആദ്യ അറിയിപ്പ് കേരളത്തിന് ലഭിച്ചു. ഇന്ന് വൈകിട്ട് 6ന് ആണ് ജലനിരപ്പ് 136 അടിയിലെത്തിയത്. 138 അടിയിൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദേശവും തമിഴ്നാട് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. രണ്ടു കൺട്രോൾ റൂമുകൾ തുറന്നു.
അതേസമയം, അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.