സംഘടിതരാകാത്ത കർഷകർ പുറന്തള്ളപ്പെടും: മാർ ജോൺ നെല്ലിക്കുന്നേൽ

സംഘടിതരാകാത്ത കർഷകർ പൊതുസമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇൻഫാമിന്റെ (INFAM) നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ അസംഘടിതരായതിനാൽ കർഷകരുടെ ആവശ്യങ്ങൾ പലതും ഭരണകൂടം അവഗണിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഭരണകൂടത്തിന്റെ ഈ അവഗണന മൂലം ഹൈറേഞ്ചിൽ നിന്നും ആളുകൾ കൃഷിയും സ്ഥലവും ഉപേക്ഷിച്ച് പോകുന്നതും യാഥാർത്ഥ്യമാണ്. ഹൈറേഞ്ചിലെ പട്ടയ പ്രശ്നങ്ങൾക്കും നിർമ്മാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഭരണകൂടം തയ്യാറാകണം. പലപോഴും വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പുകൾക്കു തൊട്ടു മുമ്പ് മനിഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമായി മാറുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ സർക്കാർ നടത്തിയ നിയമ ഭേദഗതി നിയമ നാടകളുടെ കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ഇൻഫാമിനോട് സഹകരിച്ച് കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതയിൽ നിന്ന് ആയിരത്തോളം അംഗങ്ങൾ ഇൻഫാമിൽ അംഗത്വം സ്വീകരിച്ചു. ഇൻഫാം നാഷണൽ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അംഗത്വ വിതരണം നടത്തി. രൂപതക്കു വേണ്ടി ഫാ.ജോൺ കലൂർ അംഗത്വ കാർഡുകൾ ഏറ്റുവാങ്ങി. ഇൻഫാം ദേശീയ ചെയർമാർ ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ.ബോബി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.











































































































